‘പുതിയ കുട്ടികളുടെ കഥ കേൾക്കാറുണ്ട്, അതൊന്നും എക്സൈറ്റ് ചെയ്യിക്കുന്നില്ല’: മോഹൻലാൽ
1 min read

‘പുതിയ കുട്ടികളുടെ കഥ കേൾക്കാറുണ്ട്, അതൊന്നും എക്സൈറ്റ് ചെയ്യിക്കുന്നില്ല’: മോഹൻലാൽ

പുതിയ ആളുകളുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും അതൊന്നും തന്നെ എക്സൈറ്റ് ചെയ്യിക്കാത്തതിനാലാണ് അവയിൽ അഭിനയിക്കാത്തതെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേരി’ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞിരിക്കുന്നത്.

‘ഞാൻ കൂടുതലും എന്‍റെ തന്നെ പ്രൊഡക്ഷനിൽ വര്‍ക്ക് ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ്. അപ്പോള്‍ നമുക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. നേര്, എമ്പുരാൻ, ബറോസ് അതൊക്കെ അങ്ങനെ വരുന്നതാണ്. പുതിയതായി വരുന്ന കുട്ടികളുടെ കഥകള്‍ കേള്‍ക്കാറുണ്ട്, പക്ഷേ അതൊന്നും എന്നെ എക്സൈറ്റ് ചെയ്യിക്കുന്നില്ല. അവരെ മോശമായി കാണുന്നു എന്നല്ല. ലിജോയുമായി എത്രയോ നാള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഞങ്ങള്‍ മലൈക്കോട്ട വാലിബനിൽ എത്തിയത്. അടുത്തിടെ പത്ത് കഥകള്‍ കേട്ടു. പല സിനിമകളും ചേര്‍ത്തുവെച്ചതാണ് പലരും പറയുന്ന കഥകള്‍. ചിലര്‍ പാൻ ഇന്ത്യൻ ആയി വലിയ രീതിയിൽ പറയും. അത് അഫോര്‍ഡ് ചെയ്യാൻ നമുക്ക് പറ്റില്ല. നേര് പുതിയൊരാള്‍ വന്ന് പറഞ്ഞാലും ഞാൻ ചെയ്യുമായിരുന്നു’, മോഹൻലാൽ പറഞ്ഞിരിക്കുകയാണ്.

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘ദൃശ്യം’, ‘ദൃശ്യം 2′, ’12ത് മാൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ സിനിമാപ്രേമികൾ ഏവരും ഏറെ പ്രതീക്ഷയിലാണ്. ‘സീക്കിങ് ജസ്റ്റിസ്’ എന്ന ടാഗ്‌ലൈനാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ 33-ാ മത് നിർമാണ ചിത്രം കൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ മാസം 21നാണ് നേര് റിലീസ്.