‘അച്ഛനെ ഭയമായിരുന്നു, അടുത്തുവന്നപ്പോഴേക്കും അദ്ദേഹം പോയി’: ദിലീപ്
1 min read

‘അച്ഛനെ ഭയമായിരുന്നു, അടുത്തുവന്നപ്പോഴേക്കും അദ്ദേഹം പോയി’: ദിലീപ്

ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറാത്ത രീതിയിലുള്ള ആളായിരുന്നുവെന്ന് നടൻ ദിലീപ്. അടുത്തിടപഴകി വന്നപ്പോഴേക്കും അദ്ദേഹം തന്നെ വിട്ടുപോകുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്‍റെ വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ച് ദിലീപ് മനസ്സുതുറന്ന് സംസാരിച്ചത്. തന്‍റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അദ്ദേഹത്തോടൊപ്പം ഏറെ നാളായുള്ള സൗഹൃദമുണ്ടെന്നും അതുകൊണ്ടാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് താൻ വന്നതെന്നും ദിലീപ് പറഞ്ഞു.

‘‘കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോൾ. മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് ഇത്തരം സ്‌കൂൾ ദിനങ്ങൾ തന്നെ ആയിരുന്നു. കുട്ടികളുടെ പാട്ടും ഒക്കെ കണ്ടപ്പോൾ ഞാൻ ഗോപാലേട്ടനോട് ചോദിച്ചു ഇത്രയും സ്‌കൂൾ, കോളേജ് ഒക്കെ ഉള്ളതിൽ സന്തോഷം തോന്നുന്നില്ലേ എന്ന്. മനസ്സ് കൊണ്ട് വളരെ ചെറുപ്പമാണ് എപ്പോഴും അദ്ദേഹം. ഒരു മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് സ്കൂൾ കാലഘട്ടത്തിലാണ്. എങ്ങനെയാണ് ​ഗോപാലേട്ടൻ മനസുകൊണ്ട് ചെറുപ്പമായിരിക്കുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്. മനസുകൊണ്ട് അ​ദ്ദേഹത്തിന് എപ്പോഴും ചെറുപ്പമാണ്. നമ്മൾ നരച്ച മുടി കറുപ്പിക്കുന്നത് പോലെ അദ്ദേഹം കറുത്ത മുടി നരപ്പിച്ചതാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്”, ദിലീപ് പറഞ്ഞു.

‘ചില സമയം കുട്ടികളെ കാണുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഇവർ പെട്ടെന്ന് വളരാതെ ഇരുന്നെങ്കിൽ എന്ന്. കാരണം ആ ക്യൂട്ട്നെസ് പൊയ്‌പോകും. ഇന്നത്തെ തലമുറ വളരെ കഴിവുള്ളവരാണ്. റിയാലിറ്റി ഷോകളഅ‍ കാണുമ്പോൾ അന്തം വിട്ടിരുന്നുപോകും. അതുകാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് നേരത്തെ വന്നത് നന്നായി എന്ന്. ശരിക്കും കുഞ്ഞുങ്ങൾ ഈ പ്രായം ആസ്വദിക്കണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ’, ദിലീപിന്‍റെ വാക്കുകള്‍.