‘തെറ്റിദ്ധരിപ്പിക്കുന്ന ഹൈപ്പ് ഇല്ല’: ലിജോയുടെ സിനിമ ഇഷ്ടമുള്ളവർക്ക് വാലിബനും ഇഷ്ടപ്പെടുമെന്ന് മോഹൻലാൽ നേരത്തേ പറഞ്ഞിരുന്നു
1 min read

‘തെറ്റിദ്ധരിപ്പിക്കുന്ന ഹൈപ്പ് ഇല്ല’: ലിജോയുടെ സിനിമ ഇഷ്ടമുള്ളവർക്ക് വാലിബനും ഇഷ്ടപ്പെടുമെന്ന് മോഹൻലാൽ നേരത്തേ പറഞ്ഞിരുന്നു

ലൈക്കോട്ടൈ വാലിബൻ എന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ മികച്ച പ്രതികരണങ്ങളും തിയേറ്റർ കളക്ഷനും നേടിക്കൊണ്ട് സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇറങ്ങിയ അതേ ദിവസം തന്നെ വലിയ തോതിലുള്ള ഡീ​ഗ്രേഡിങ്ങിന് ഇരയായ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ.

ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഇതൊരു മോശം പടമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങൾ നടന്നിരുന്നു. പിന്നീട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള പ്രചരണം വകവയ്ക്കാതെ സിനിമ തിയേറ്ററിൽ കണ്ടതോടെയാണ് മോശം അഭിപ്രായങ്ങൾ പതിയെ മാറി വന്നത്. ചിത്രത്തിനെതിരെ പ്രധാനമായും ഉയർന്ന് വന്ന വിമർശനം, ഈ സിനിമ പ്രേക്ഷകർക്ക് നൽകിയത് മറ്റൊരു ഹൈപ്പായിരുന്നു എന്നാണ്. പക്ഷേ തിയേറ്ററിൽ കണ്ടത് വേറെയൊന്നും എന്നും.

എന്നാൽ റിലീസിന് മുൻപ് മോഹൻലാൽ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അതിൽ ലാൽ, ഇതൊരു ലിജോ ജോസ് പെല്ലിശ്ശേരി മൂവിയാണെന്നും അത്തരം സിനിമകളുടെ പ്രത്യേകത എന്താണെന്ന് അറിയാമല്ലോയെന്നും കൃത്യമായി ചോദിക്കുന്നുണ്ട്. തനിക്ക് നേരത്തെ അറിയുന്നയാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. തങ്ങൾ നേരത്തെയും സിനിമയെക്കുറിച്ച് ചർച്ച ചെയ്യാറുള്ള ആൾക്കാരായിരുന്നു എന്നും മോഹൻലാൽ പറയുന്നു. ഈ കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടത് കൊണ്ടാണ് മോഹൻലാൽ വാലിബന്റെ ഭാ​ഗമായത്.

”പ്രണയം, ദേഷ്യം, അസൂയ, പ്രതികാരം, തെറ്റിദ്ധാരണ, ഫൈറ്റ് എല്ലാമുള്ള സിനിമയാണിത്. അതിനെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഇന്റലിജൻസ്. ജോണർ വൈസ് ഇങ്ങനെയൊരു സിനിമ ഇന്ത്യയിൽ ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാകില്ല. ലിജോയുടെ സിനിമ എന്ന് പറയുമ്പോൾ തന്നെ ഒരു പ്രത്യേകതയുണ്ടാകുമല്ലോ, ആ പ്രത്യേകത ഇഷ്ടപ്പെട്ട് പോകുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന സിനിമ ആയിരിക്കില്ല ഇത്. ശേഷമെന്ത് സംഭവിക്കുന്നു എന്നുള്ളത് നമുക്ക് കാത്തിരുന്ന് കാണാം”- മോഹൻലാൽ വ്യക്തമാക്കി.

മനോരമ ഓൺലൈനിലെ ഇന്റർവ്യൂവിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. കൂടാതെ മലൈക്കോട്ടൈ വാലിബനെക്കുറിച്ച് ഒരുപാട് വാചാലനാവുകയും ചെയ്തിരുന്നു മലയാളത്തിന്റെ പ്രിയനടൻ. അഭിമുഖത്തിൽ മോഹൻലാലിനെ കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് പേരടി, വാലിബന്റെ നിർമ്മാതാവ് ഷിബു ബേബി ജോൺ എന്നിവരും പങ്കെടുത്തിരുന്നു.