മമ്മൂട്ടി – ഡിനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ്
1 min read

മമ്മൂട്ടി – ഡിനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ്

സമീപകാലത്ത് ഏറ്റവുമധികം വൈവിധ്യമാര്‍ന്ന സിനിമകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗമാണ് അദ്ദേഹത്തിന്‍റേതായി ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. അടുത്തതായി വരാനിരിക്കുന്നത് ഒരു നവാഗത സംവിധായകന്‍റെ ചിത്രമാണ്. ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. സിനിമയുെട ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്.

ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രമാണ് ‘ബസൂക്ക’. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗൗതം വസുദേവ് മേനോനും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോൻ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ബിജിത്ത് ധർമ്മടം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.