അന്യായം! ഇത് ചെകുത്താന്‍റെ കൊലച്ചിരി; ബ്ലാക്ക് ആൻഡ് വൈറ്റിൽ ആളിപ്പടർന്ന് ‘ഭ്രമയുഗം’ ടീസര്‍
1 min read

അന്യായം! ഇത് ചെകുത്താന്‍റെ കൊലച്ചിരി; ബ്ലാക്ക് ആൻഡ് വൈറ്റിൽ ആളിപ്പടർന്ന് ‘ഭ്രമയുഗം’ ടീസര്‍

കുറച്ചുനാളുകളായി ഏറെ വേറിട്ട രീതിയിലുള്ള സിനിമകളെ തിരഞ്ഞുപിടിച്ച് ചെയ്യുന്ന നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ‘ഭ്രമയുഗ’ത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ടീസർ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് ഒരു പിടിയും തരാത്ത ടീസർ നിഗൂഢവും ദുരൂഹവുമായ ദൃശ്യങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നീ താരങ്ങളും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേറിട്ട ലുക്കിലാണ് അർജുൻ അശോകനും സിദ്ധാർഥുമൊക്കെ ടീസറിലുള്ളത്. ക്ലൈമാകസില്‍ കാണിക്കുന്ന മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കിലുള്ള ദൃശ്യങ്ങളാണ് ടീസറിലെ ഹൈലൈറ്റ്. ഒരു മനയ്ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചന.

മമ്മൂട്ടിയുടെ കഥാപാത്രം ഒരു ദുര്‍മന്ത്രവാദിയാണെന്നും നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ‘ഭൂതകാലം’ എന്ന് ഹിറ്റ് ഹൊറര്‍ ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ വര്‍ഷം ഏപ്രിലിലാണ് ചിത്രം തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.