‘നൻപകൽ നേരത്ത് മയക്കം തൂങ്ങി’ മമ്മൂട്ടിയും കൂട്ടരും; ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി സിനിമ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ യൂട്യൂബിൽ ഹിറ്റ്
1 min read

‘നൻപകൽ നേരത്ത് മയക്കം തൂങ്ങി’ മമ്മൂട്ടിയും കൂട്ടരും; ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി സിനിമ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ യൂട്യൂബിൽ ഹിറ്റ്

സിനിമാ പ്രേമികളും നിരൂപകരും മമ്മൂട്ടി ആരാധകരും ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര – കഥാപാത്രമാക്കി ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇന്നത്തെ ദിവസം (18/03/2022) ലോകം ‘സ്ലീപ് ഡേ’ അഥവാ നിദ്രാ ദിനമായി ആചരിക്കുകയാണ്. ഇതേ ദിവസം തന്നെ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിൽ വളരെ സിംബോളിക്ക് ആയിട്ടുള്ള രംഗങ്ങളാണ് കാണിച്ചിരിക്കുന്നത്. വേൾഡ് സ്ലീപ്‌ ഡേ ആയതുകൊണ്ട് പുറത്തിറക്കിയ ടീസർ ആയതുകൊണ്ടാകാം ടീസറിലെ ദൃശ്യങ്ങളിൽ നായകൻ മമ്മൂട്ടിയടക്കം കഥാപാത്രങ്ങൾ എല്ലാം തന്നെ നല്ല നൻപകൽ മയക്കത്തിലാണ്.

ലിജോ – മമ്മൂട്ടി കൂട്ടുകെട്ടിലെ ആദ്യ സിനിമയെന്ന ഖ്യാതിയുള്ള ഈ സിനിമ 2021 നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു ചിത്രീകരണമാരംഭിച്ചത്. പഴനിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. മുഴുവന്‍ സിനിമയും തമിഴ്നാട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമയുടെ നിര്‍മ്മാതാവും മമ്മൂട്ടി തന്നെയാണ്. ‘മമ്മൂട്ടി കമ്പനി’ എന്ന പുതിയ ബാനർ ആരംഭിച്ചു, ആ ബാനറിലാണ് ‘നൻപകൽ നേരത്ത് മയക്കം’ നിര്‍മ്മിക്കുന്നത്. അതോടൊപ്പം ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയും സഹനിര്‍മ്മാവിന്റെ റോളിൽ മമ്മൂട്ടിക്കൊപ്പമുണ്ട്. എസ് ഹരീഷിന്‍റേതാണ് തിരക്കഥാ രചന. മികച്ച നടന്മാരുടെ നിര ഈ സിനിമയ്ക്ക് മുതൽകൂട്ടാണ്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവർ ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.