വീണ്ടും ആക്ടര്‍ മമ്മൂട്ടി ആന്റ് കമ്പനി ഞെട്ടിക്കുന്നു…! കാതല്‍ ആദ്യ ദിനം നേടിയത്
1 min read

വീണ്ടും ആക്ടര്‍ മമ്മൂട്ടി ആന്റ് കമ്പനി ഞെട്ടിക്കുന്നു…! കാതല്‍ ആദ്യ ദിനം നേടിയത്

 

പ്രമേയ വൈവിദ്ധ്യങ്ങള്‍ കൊണ്ട് സമീപകാല മലയാള സിനിമ ലോകത്ത് പ്രേക്ഷകര്‍ക്ക് വിസ്മയം സമ്മാനിക്കുന്നയാളാണ് മമ്മൂട്ടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെ ഒരു ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിയോ ബേബിയുമായി ചേര്‍ന്ന് മമ്മൂട്ടി ഒരു ചിത്രത്തില്‍ എത്തുന്നു എന്നത് പ്രേക്ഷകനെ സംബന്ധിച്ച് കൌതുകവും ആകാംക്ഷയും ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു. കാതലില്‍ മമ്മൂട്ടി എന്ന നടന്‍ പതിറ്റാണ്ടുകളുടെ അഭിനയ മികവിനെ വീണ്ടും വീണ്ടും വെല്ലുവിളിക്കുന്ന കാഴ്ചയാണ് മാത്യൂസ് എന്ന റോളിലൂടെ പ്രേക്ഷകന് മുന്നില്‍ വിരിയിക്കുന്നത്. തീര്‍ത്തും ഇമോഷന്‍ നിറച്ച ഒരു തിരക്കഥയില്‍ മമ്മൂട്ടി പലയിടത്തും പ്രേക്ഷകനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നു.

 

ഇതുവരെ കാണാത്ത, മറ്റൊരു സൂപ്പര്‍ താരവും ചെയ്യാന്‍ മടിക്കുന്ന വേഷം ചെയ്ത് മമ്മൂട്ടി വീണ്ടും സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചു. ഇപ്പോഴിതാ കാതല്‍ ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആണ് കാതല്‍ തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും മറ്റൊരു ഹിറ്റാകും കാതല്‍ എന്ന് ഏതാണ്ട് ഉറപ്പായി. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. തുടര്‍ന്ന് നടന്ന ഷോകളില്‍ എല്ലാം മികച്ച ബുക്കിംഗ് ആണ് നടന്നത്. ഭൂരിഭാഗം തിയറ്ററിലും ഹൗസ് ഫുള്‍ ഷോകളും. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യദിനം കാതല്‍ നേടിയത് ഒരു കോടിക്ക് മേലെയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു. കേരളത്തില്‍ മാത്രം ചിത്രം എത്ര നേടി എന്ന കണക്കുകള്‍ വരും മണിക്കൂറുകളില്‍ പുറത്തുവരും.

സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയത്തിന്റെ പേരില്‍ കാതല്‍ റിലീസിനു മുമ്പേ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഒരു മമ്മൂട്ടി ചിത്രത്തിനു ലഭിക്കേണ്ട റിലീസോ വരവേല്‍പ്പോ ഒന്നുമില്ലാതെയാണ് ചിത്രം തിയറ്ററുകളിലേക്കെത്തിയത്. ജ്യോതിക നായികയായി എത്തിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഈ കമ്പനിയുടേതായി റിലീസ ചെയ്യുന്ന നാലാമത്തെ സിനിമ കൂടിയാണ് കാതല്‍. ഇതിന് മുന്‍പ് റിലീസ് ചെയ്ത റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവ ഹിറ്റ് സിനിമകള്‍ ആയിരുന്നു. കാതലിലൂടെ ആ ഹിറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണ് മമ്മൂട്ടി കമ്പനി. ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു വന്നുകൊണ്ടിരിക്കുന്നത്. വൈകാരികമായി പ്രേക്ഷകനെ ചിത്രം മറ്റൊരു തലത്തിലെത്തിക്കുമെന്ന് കണ്ടിറങ്ങുന്നവര്‍ പറയുന്നു. മമ്മൂട്ടി, ജ്യോതിക ഉള്‍പ്പടെ സിനിമയില്‍ താരങ്ങളുടെ അഭിനയപ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്. ചിന്നു ചാന്ദിനി, മുത്തുമണി, സുധി, അലക്‌സ് അലിസ്റ്റര്‍ തുടങ്ങി ഒട്ടനവധി താരങ്ങളും കാതലില്‍ ഭാഗമായിരുന്നു. ആദര്‍ശ് സുകുമാരന്‍, പോള്ര്‍സണ്‍ സ്‌കറിയ എന്നിവരാണ് തിരക്കഥ.