ദൃശ്യം, രാജാവിന്റെ മകന്‍, ഏകലവ്യന്‍, ദേവാസുരം. . . മമ്മൂട്ടിയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ ഹിറ്റുകള്‍ ഏറെ!
1 min read

ദൃശ്യം, രാജാവിന്റെ മകന്‍, ഏകലവ്യന്‍, ദേവാസുരം. . . മമ്മൂട്ടിയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ ഹിറ്റുകള്‍ ഏറെ!

ലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് മമ്മൂട്ടി. അദ്ദേഹം ഇന്നോളം ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും മുതല്‍ക്കൂട്ടാണ്. പ്രായത്തെ വെല്ലുന്ന അഭിനയ പാടവം കൊണ്ട് അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ എല്ലാക്കാലത്തും സംവിധായകരും പ്രൊഡ്യൂസര്‍മാരും തയ്യാറാണ്. ന്യൂഡല്‍ഹി, കൗരവര്‍, ബിഗ് ബി, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടി മലയാളിയ്ക്ക് സമ്മാനിച്ചത്. പക്ഷേ ചില ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും ഈ മഹാപ്രതിഭയുടെ കയ്യില്‍ നിന്നും വഴുതിപ്പോയിട്ടുണ്ട്.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസെന്‍സ് എന്നതാണ് പുതിയ ചിത്രങ്ങളില്‍ ഒന്ന്. സിനിമയിലെ സൂപ്പര്‍സ്റ്റാറായി മമ്മൂട്ടിയെ ആയിരുന്നു പരിഗണിച്ചിരുന്നത്. പക്ഷേ, മമ്മൂട്ടിയ്ക്ക് ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. പിന്നീട് പൃഥ്വിരാജിന് വേണ്ടി തിരക്കഥ മാറ്റിയെഴുതുകയായിരുന്നു. മമ്മൂട്ടിയെ മനസ്സില്‍ കണ്ടാണ് ഈ കഥാപാത്രത്തെ എഴുതിയിരുന്നതെന്ന് തിരക്കഥയെഴുതിയ സച്ചി പിന്നീട് പറഞ്ഞിട്ടുണ്ട്. ദേവാസുരമാണ് മമ്മൂട്ടിയില്‍ നിന്നും തെന്നുമാറിപ്പോയ മറ്റൊരു ഹിറ്റ് ചിത്രം. ആദ്യം മമ്മൂട്ടി തന്നെയായിരുന്നു ചര്‍ച്ചകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മംഗലശ്ശേരി നീലകണ്ഠന്‍ മോഹന്‍ലാലില്‍ എത്തിച്ചേരുകയായിരുന്നു. മോഹലാലിന്റെ കരിയറിലെ ഏറ്റവും സുപ്രധാന കഥാപാത്രങ്ങളിലൊന്നായി പിന്നീട് മംഗലശ്ശേരി നീലകണ്ഠന്‍ മാറി. ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മെമ്മറീസ്. മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നായി ഈ ചിത്രം മാറി. ഇതും മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാന്‍ ചര്‍ച്ചകളില്‍ ഉണ്ടായിരുന്ന ചിത്രമായിരുന്നു. പിന്നീട് ചിത്രത്തിലേയ്ക്ക് പൃഥ്വിരാജ് കടന്നു വരികയായിരുന്നു.

റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത, അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു പ്രമേയം അവതരിപ്പിച്ച ചിത്രമായിരുന്നു മുംബൈ പോലീസ്. ചിത്രം മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെക്കൊണ്ട് ചെയ്യിക്കാനായിരുന്നു റോഷണ്‍ ആഡ്രൂസിന്റെ താല്‍പര്യം. ചിത്രവുമായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും അദ്ദേഹം താല്‍പര്യം കാണിച്ചില്ല. മറ്റൊരു ചിത്രമാണ് മോഹന്‍ലാല്‍ റോയ്‌റ്റേഴ്‌സിന്റെ ക്യാമറാമാന്‍ വേണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റണ്‍ ബേബി റണ്‍ എന്ന ചിത്രം. ജോഷിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇതും മമ്മൂട്ടിയെ സമീപിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എല്ലാക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. സണ്ണി ജോസഫ് എന്ന മോഹന്‍ലാല്‍ അനശ്വരമാക്കിയ കഥാപാത്രം അവതരിപ്പിക്കുന്നതിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ കഥാപാത്രത്തിന് ഹാസ്യാവതരണം വളരെയധികം ആവശ്യമായതിനാല്‍ മമ്മൂട്ടി പിന്മാറുകയായിരുന്നു. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഏറെ പ്രധാനപ്പെട്ടതാണ് ദൃശ്യം. ഈ ചിത്രത്തിലേയ്ക്ക് ആദ്യം പരിഗണിച്ചതും മമ്മൂട്ടിയെ തന്നെയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം സമയം വേണമെന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷേ, അത്ര നീണ്ട ഒരു കാലാവധി ജിത്തുജോസഫിന് താല്‍പര്യമില്ലായിരുന്നു. അങ്ങനെയാണ് ചര്‍ച്ചകള്‍ മോഹന്‍ലാലില്‍ എത്തിയത്.

ഏകലവ്യനാണ് മറ്റൊരു പ്രധാനപ്പെട്ട ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരാണ് ചെയ്തത്. മമ്മൂട്ടിയെ മനസ്സില്‍ കണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സുരേഷ്‌ഗോപി ആ റോള്‍ ചെയ്യുകയും അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ പദവിയിലേയ്ക്ക് എത്തുകയുമായിരുന്നു. ഏകദേശം 1 കോടി രൂപയില്‍ നിര്‍മ്മിച്ച ചിത്രം 9 കോടി രൂപയോളം തീയറ്ററുകളില്‍ നിന്നും നേടി. രാജാവിന്റെ മകനാണ് മറ്റൊരു ഹിറ്റ് ചിത്രം. തമ്പി കണ്ണന്താനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതാണ് ആ സിനിമ മമ്മൂട്ടിയ്ക്ക് കൈവിട്ട് പോകാന്‍ കാരണമായത്.