2022 – ലെ ഏറ്റവും മികച്ച ചിത്രമായി മാറി റോഷാക്ക്; റെക്കോർഡുകൾ തകർത്ത് മമ്മൂട്ടി ചിത്രം മുന്നേറുന്നു
മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ സംപ്രേക്ഷണം തുടരുകയാണ്. ഒക്ടോബർ 7 – നായിരുന്നു നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തീയറ്ററുകളിൽ റിലീസ് ചെയ്തത്. തീയറ്ററുകളിൽ എത്തിയ ആദ്യദിവസം മുതൽ തന്നെ മികച്ച കളക്ഷനുകളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. രണ്ടാം ഭാരം പിന്നിടുമ്പോൾ റോഷാക്ക് മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ രണ്ടാമത്തെ ശനിയാഴ്ച ഏറ്റവും ഗംഭീര കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. ഈയിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ മലയാള ചിത്രങ്ങളുടെയെല്ലാം റെക്കോർഡുകളെ മറികടക്കുന്ന പ്രകടനമാണ് റോഷാക്ക് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. 92 ലക്ഷം രൂപയാണ് കഴിഞ്ഞദിവസം തന്നെ ചിത്രം നേടിയത്.
റിലീസ് ചെയ്തതിനുശേഷമുള്ള രണ്ടാമത്തെ ശനിയാഴ്ച ‘ന്ന താൻ കേസുകൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം 82 ലക്ഷവും, സുരേഷ് ഗോപിയുടെ ‘പാപ്പൻ’ 81.2 ലക്ഷവും, ടോവിനോ തോമസിന്റെ ‘തല്ലുമാല’ 80.5 ലക്ഷവും, പൃഥ്വിരാജിന്റെ ‘കടുവ’ 78.5 ലക്ഷവും ആയിരുന്നു നേടിയത്. അതേസമയം മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയന്‍ സെല്‍വനാ’ണ് ഈ കളക്ഷനുകളിൽ റോഷാക്കിന്റെ തൊട്ടു പിന്നിലായി നിൽക്കുന്നത്. റോഷാക്കില്‍ മമ്മൂട്ടി ലൂക്ക് ആന്റണിയായി എത്തിയപ്പോൾ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരന്നു. ഇവരുടെ എല്ലാം പെർഫോമൻസുകൾ ഒന്നിനൊന്ന് മികച്ചതും തിയേറ്ററുകളിൽ കയ്യടി നേടിയതുമായിരുന്നു.
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലർ മൂവിയാണ് റോഷാക്ക്. സമീർ അബ്ദുള്ള റോസാക്കിന് തിരക്കഥ തയ്യാറാക്കിയത്. അതുപോലെ തന്നെ വിദേശരാജ്യങ്ങളിലും റോഷാക്ക് റിലീസ് ചെയ്തിരുന്നു. ഒക്ടോബർ 14 മുതൽ യൂറോപ്പിൽ ചിത്രം പ്രദർശനം ആരംഭിച്ചിരുന്നു. കൂടാതെ ഈ ആഴ്ചയിൽ തന്നെ കൂടുതൽ വിദേശരാജ്യങ്ങളിൽ റോഷാക്ക് പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം തുടങ്ങി. രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രത്തിന്റെ വിശേഷങ്ങളും, ചർച്ചകളും, വിജയാഘോഷങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ്.