“കാഴ്ച്ച സിനമയിലെ കൊച്ചുണ്ടാപ്രി തിരികെ വന്നാലോ…?”; കുറിപ്പ് ശ്രദ്ധനേടുന്നു
1 min read

“കാഴ്ച്ച സിനമയിലെ കൊച്ചുണ്ടാപ്രി തിരികെ വന്നാലോ…?”; കുറിപ്പ് ശ്രദ്ധനേടുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ‘കാഴ്ച’. ഈ ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായത്. അക്കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദര്‍ശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ജീവിത നൈര്‍മ്മല്യങ്ങള്‍ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകന്‍ കഥ ചിത്രീകരിക്കുന്നത്. 2004ലെ കേരളസംസ്ഥാന സിനിമ അവാര്‍ഡില്‍ കാഴ്ച ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കൊച്ചുണ്ടാപ്രി തിരികെ വന്നാലോ എന്ന ക്യാപ്ഷനോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കാഴ്ച്ച സിനിമ റിലീസ് ആകുന്നത് 2004. അന്ന് ആ കഥ സംഭവിക്കുമ്പോള്‍ കൊച്ചുണ്ടാപ്രിക്ക് പ്രായം 10. ഇന്നിപ്പോള്‍ 2022 ആകുമ്പോള്‍ അവന് 28 വയസ്സാകും. ഒരുപക്ഷെ അവന്‍ കല്യാണം കഴിച്ചിട്ടുണ്ടാകാം, കുട്ടിയുണ്ടായിട്ടുണ്ടാകാം. ഒരു കുടുംബം ഒക്കെ ആയി അവന്റേതായ ലോകത്ത് ജീവിക്കുന്നുണ്ടാകാം. ഇനി അതല്ല അവനൊരു കുടുംബ ജീവിതവും ഒന്നും ആയിട്ടില്ലെങ്കില്‍ ഈ കാലയളവിനുള്ളില്‍ അവന്‍ എപ്പോഴെങ്കിലും തന്റെ ഓപ്പറേറ്ററേയും. ചേച്ചിയെയും കാണാന്‍ അവന്‍ വന്നിട്ടുണ്ടാകാം. പക്ഷെ അവന് അവിടെ എത്തിച്ചേരാന്‍ കഴിയുമോ? ഭാഷ ഒരു വലിയ പ്രശ്‌നമാകും. മാത്രവുമല്ല സ്ഥലങ്ങളുടെ പേരുകള്‍ ഒന്നും തന്നെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെന്നും വരില്ല.

ഇനി ഏത് വിധേനയും അവിടെ എത്തിയാലോ. മാധവന്‍ ഇപ്പോഴും സിനിമ ഓപ്പറേറ്റര്‍ ആയി ജീവിച്ചു പോകാനുള്ള സാധ്യത വളരെ കുറവായിരിക്കും. അപ്പൂപ്പനും അമ്മൂമ്മയും ഒന്നുകില്‍ തീരെ അവശരായി കിടപ്പിലായിരിക്കാം. ഒരുപക്ഷെ മരിച്ചിട്ടുണ്ടാകാം. അമ്പിളി ഇപ്പോള്‍ വലിയ ഒരു പെണ്ണ് ആയി. ഒരുപക്ഷെ അവളുടെ കല്യാണവും കഴിഞ്ഞു കുട്ടികളും ആയിക്കാണാം. സിനിമ മോഹവുമായി നടന്നതിനാല്‍ തന്നെ നല്ലൊരു ജോലി സമ്പാദ്യം എന്നിവ ഒന്നും ഇല്ലാതിരുന്നതിനാല്‍ മാധവന്‍ ഇപ്പോള്‍ നന്നേ കഷ്ടപ്പെടുകയായിരിക്കാം. അവിടേക്കു ഏതു വിധേനയും അവരുടെ കൊച്ചുണ്ടാപ്രി ഇന്ന് വലുതായതിനു ശേഷം അവര്‍ക്കു മുന്നില്‍ ചെന്നാല്‍. അവര്‍ക്ക് അവനോട് ഇപ്പോള്‍ തോന്നുക എന്തായിരിക്കും? അമ്പിളിയ്ക്ക് നഷ്ടപ്പെട്ട് പോയ അനുജനോട് ഇപ്പോള്‍ എന്തായിരിക്കാം തോന്നുക. തന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും മുന്നില്‍ പഴയെ പോലെ അവള്‍ക്കു അവന്റെ ചേച്ചിയാകാന്‍ കഴിഞ്ഞെന്നു വരില്ല.

ചെറുപ്പം ആയിരുന്നപ്പോള്‍ ആ നാട്ടുകാര്‍ക്ക് പോലും പ്രിയം തോന്നിയിരുന്ന ആ കൊച്ചുകുട്ടി അല്ല ഇന്നവന്‍. ഇന്ന് പവന്‍ എന്ന ബംഗാളി(ഗുജറാത്തി ആയാലും നമുക്ക് എല്ലാവരും ബംഗാളികള്‍ ആണെല്ലോ) മാത്രമാണ്. ജോലി ചെയ്യിക്കാന്‍ വേണ്ടി ആരേലും അവനെ കൊണ്ട് പോകാം. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം വന്ന അവനെ സ്വന്തം മകനെ പോലെ മാധവനും ലക്ഷ്മിയും സ്വീകരിച്ചിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചു പോകും. പക്ഷെ അതിന് അവര്‍ക്ക് ഇന്ന് കഴിയുമോ? സാധ്യത കുറവാണ്. എല്ലാവരും ഒരുപാടു മാറിപ്പോയി. പണ്ട് കണ്ടിരുന്നപോലെയല്ല അവര്‍ ഇന്നവനെ കാണുന്നത് എന്ത് തേടിയാണോ വന്നത് അത് കിട്ടാതെ നിരാശയോടെ മടങ്ങി പോകുന്നത് തന്നെ എന്ന് അവന്‍ ചിന്തിച്ചേക്കും. പണ്ട് അവന്‍ പോയപ്പോള്‍ ഒരു നാട് മുഴുവന്‍ തേങ്ങി എങ്കില്‍ ഇന്ന് അവന്‍ മാത്രമായിരിക്കാം ഉള്ളില്‍ വിഷമങ്ങള്‍ ഒളിപ്പിച്ചു യാത്രയാകുന്നത്.

ഒരുപക്ഷെ നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശനം ആകാം. കഥാപാത്രങ്ങള്‍ കഥയില്‍ തന്നെ നിലകൊള്ളുകയാണെങ്കില്‍ ഒരു പക്ഷെ കൊച്ചുണ്ടാപ്രി മാധവന്റെയൊപ്പം മകനെ പോലെ കഴിഞ്ഞേക്കും. റിയാലിറ്റിയിലും അത് സംഭവിക്കാം. പക്ഷെ പ്രേക്ഷകര്‍ അത് സമ്മതിച്ചെന്നും വരില്ല. അതുകൊണ്ടു ആ കഥ അവിടെ തീര്‍ന്നതും അതിനൊരു തുടര്‍ച്ച വരാത്തതും തന്നെയാണ് ആ കഥാപാത്രങ്ങളുടെ ജീവനെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.