ദുബൈയിൽ കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും; കൊച്ചിയിലെത്തിയാൽ ഉടൻ വാലിബൻ കാണുമെന്ന് മമ്മൂട്ടി
1 min read

ദുബൈയിൽ കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും; കൊച്ചിയിലെത്തിയാൽ ഉടൻ വാലിബൻ കാണുമെന്ന് മമ്മൂട്ടി

ന്നലെയാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തെ സോഷ്യൽമീഡിയയിലൂടെ വ്യാപകമായി ഡീ​ഗ്രേഡ് ചെയ്യുന്നുതായി വാർത്തകളുണ്ട്. പലരും സിനിമ കാണാതെയാണ് മോശം അഭിപ്രായങ്ങൾ പറഞ്ഞ് പരത്തുന്നത്. എന്നാൽ മോഹൻലാൽ ഇപ്പോൾ ഇതിലൊന്നും ഇടപെടുന്നില്ല. അദ്ദേഹത്തിന്റെയും മമ്മൂട്ടിയുടെയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻ‍ഡിങ്.

മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ ഭാര്യ സുചിത്രയുമുണ്ട് ചിത്രങ്ങളിൽ. ദുബൈയിൽ വെച്ചാണ് താരങ്ങൾ കുടുംബസമേതം കണ്ടുമുട്ടിയിരിക്കുന്നത്. വാലിബന് ശേഷം എമ്പുരാനിൽ അഭിനയിക്കുന്നതിനായി യു.എസ്സിലേക്ക് പോകുന്ന വഴിക്കാണ് മോഹൻലാൽ ദുബൈയിൽ എത്തിയത്. ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫ‍ർ ലെൻസ് മാൻ ഷൗക്കത്തിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് മമ്മൂട്ടി.

മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒത്തുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് ആരാധകശ്രദ്ധ നേടിയിട്ടുണ്ട്. ഓഡിറ്റർ സനിൽ കുമാറും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റിലീസായ മലൈക്കോട്ടെെ വാലിബൻ ദുബായിലെ പ്രേക്ഷകർക്കൊപ്പമാണ് മോഹൻലാൽ കണ്ടത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹമ്മദ് ​ഗുൽഷനും ഒപ്പമുണ്ടായിരുന്നു.

കൊച്ചിയിൽ മടങ്ങിയെത്തിയാലുടൻ താൻ മലൈക്കോട്ടെെ വാലിബൻ കാണുമെന്ന് മമ്മൂട്ടി പറഞ്ഞു. യു.എസ്സിലേക്കു പോകുന്നതിന് മുന്നോടിയായി മോഹൻലാലിന് കുറച്ച് ദിവസം ദുബായിൽ പരിപാടികളിൽ പങ്കെടുക്കാനുണ്ട്. ഇരുപത്തിയൊൻപതിന് മമ്മൂട്ടി കൊച്ചിയിലേക്കു മടങ്ങും. ഒരാഴ്ച്ചയ്ക്ക് മുമ്പ് ഗുരുവായൂരിൽ നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗികരംഗത്തും ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് താരങ്ങൾ. ചെന്നൈയിലേയും കൊച്ചിയിലേയും വീടുകളിൽ ഇരു കുടുംബങ്ങളും ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.