”ഹേറ്റ് കാമ്പയ്ൻ എന്തിന്?, സിനിമ കണ്ട് അഭിപ്രായം പറയണം, സ്വീകരിച്ചില്ലെങ്കിൽ രണ്ടാം ഭാ​ഗം ആലോചിക്കാനാവില്ല”; ലിജോ ജോസ് പെല്ലിശ്ശേരി
1 min read

”ഹേറ്റ് കാമ്പയ്ൻ എന്തിന്?, സിനിമ കണ്ട് അഭിപ്രായം പറയണം, സ്വീകരിച്ചില്ലെങ്കിൽ രണ്ടാം ഭാ​ഗം ആലോചിക്കാനാവില്ല”; ലിജോ ജോസ് പെല്ലിശ്ശേരി

ലൈക്കോട്ടൈ വാലിബൻ സിനിമയ്ക്കെതിരെ വലിയ ഹേറ്റ് കാമ്പയ്ൻ ആണ് നടക്കുന്നത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ വിമർശനങ്ങളും വന്ന് തുടങ്ങിയിരുന്നു. പലരും സിനിമ കാണാതെയാണ് വിമർശിക്കുന്നതെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ലിജോ ജോസ് പെല്ലിശ്ശേരി.

മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപയിൻ എന്തിനെന്നറിയില്ലെന്ന് അദ്ദേഹം പറയുന്നു. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. ഷോ കണ്ട പ്രേക്ഷകർ പറയുന്നതാണ് കൂടുതൽ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും പ്രസ് മീറ്റിൽ ലിജോ പറഞ്ഞു.

‘‘ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്ത് ​ഗുണമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാ​ഗ്യം എന്തിനാണ്. തലയോട്ടി അടിച്ചു തക‍ർത്ത ഹീറോ അല്ല നമുക്ക് വേണ്ടത്. ഇത് ആളുകളിലേക്ക് പ്രചരിക്കുന്നുണ്ട്. കോവിഡ്, പ്രളയം പോലുള്ളവ കടന്ന് വന്ന ആളുകളാണ് നമ്മൾ. ആകെ വേണ്ടത് ഭക്ഷണവും വെള്ളവുമാണ്. എന്നിട്ടും ഇപ്പോഴും വൈരാ​ഗ്യവും വിദ്വേഷവുമാണ്.

മുഴുവൻ ടീമും അത്രയ്ക്ക് ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തീയറ്ററിൽ തന്നെ പോയി കാണണം. പല കഥാപാത്രങ്ങൾക്കും പൂർണതയില്ലെന്ന് തോന്നുന്നത് അതിന് ബാക്കി ഭാ​ഗം ഉള്ളതുകൊണ്ടാണ്. രാവിലത്തെ ഷോസിന്റെ അഭിപ്രായം എപ്പോഴും സത്യമാവണമെന്നില്ല എന്നും രാവിലെ വരുന്ന ഓഡിയൻസും വൈകുന്നേരം വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. വൈരാഗ്യത്തോട് കൂടി സിനിമയെ അറ്റാക്ക് ചെയ്യുന്നത് എന്തിനാണ്. അത് സിനിമാമേഖലയിൽ എന്ത് മാറ്റമുണ്ടാക്കും.

മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത്. നമ്മൾ കണ്ട് പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കണം. നമ്മുടെ കാഴ്ച വേറെ ഒരാളുടെ കണ്ണിലൂടെ ആകരുത്. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല ഞാൻ, പക്ഷേ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ്സ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്.’’–ലിജോ മനസ് തുറന്നു.