മമ്മൂട്ടിയും മഞ്ജുവാര്യരും വീണ്ടും !! രണ്ടും കൽപ്പിച്ച്  ബി. ഉണ്ണികൃഷ്ണൻ
1 min read

മമ്മൂട്ടിയും മഞ്ജുവാര്യരും വീണ്ടും !! രണ്ടും കൽപ്പിച്ച് ബി. ഉണ്ണികൃഷ്ണൻ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. ആറാട്ടിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഉണ്ണികൃഷ്ണൻ. നിരവധി സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഒരു മാസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കുവാനാണ് സാധ്യത. വലിയ കാൻവാസിൽ ആയിരിക്കും ചിത്രം പ്രേക്ഷകർക്ക് മുൻപിലേയ്ക്ക് എത്തുക. ഒരു യാതാർത്ഥ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

കേരളം, ബാംഗ്ലൂർ എന്നിവിടങ്ങളിലാവും ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുക. അതേസമയം മുപ്പതു കോടിയോളം ബഡ്ജറ്റ് വരുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് കൂടിയായിരിക്കും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ എന്നാണ് സൂചന ലഭിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. ജോഫിൻ ടി ചാക്കോ ഒരുക്കിയ പ്രീസ്റ്റ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി- മഞ്ജു വാര്യർ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ബിജു മേനോൻ, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

അധികം വൈകാതെ തന്നെ മെയ് – ജൂൺ മാസം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് സാധ്യത. മമ്മൂട്ടിയെ നായകനാക്കി 2010 – ൽ പുറത്തിറങ്ങിയ ‘പ്രമാണി’യാണ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച ചിത്രം. താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്റ് വിശ്വനാഥ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. നിസാം ബഷീർ ഒരുക്കുന്ന പേരിടാത്ത ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോൾ. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ ടീമിന്റേത്.