‘ഫോട്ടോഗ്രഫിയിലെ മികവും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് അമല്‍ നീരദിലേക്ക് തന്നെ അടുപ്പിച്ചത്’ ; മമ്മൂട്ടി
1 min read

‘ഫോട്ടോഗ്രഫിയിലെ മികവും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് അമല്‍ നീരദിലേക്ക് തന്നെ അടുപ്പിച്ചത്’ ; മമ്മൂട്ടി

ലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. 2007-ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് ബോളീവുഡ് സിനിമകളോട് പോലും കിടപിടിക്കുന്നതായിരുന്നു. കൊച്ചിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ റിലീസ് സമയത്ത് അത്ര വലിയ വാണിജ്യ വിജയം സമ്മാനിച്ചില്ലെങ്കിസലും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകായിരുന്നു. മമ്മൂട്ടി, മനോജ് കെ. ജയന്‍, ബാല, പശുപതി, മംമ്ത മോഹന്‍ദാസ്, വിജയരാഘവന്‍, ലെന, വിനായകന്‍, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമായിരുന്നു ബിഗ് ബി. ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്നത് മാസ് ബ്ലോക്ക് ബസ്റ്റര്‍ എന്ന നിലയ്ക്കാണ്. ഇപ്പോഴിതാ അമല്‍ നീരദിലേക്കും ബിഗ് ബിയിലേക്കും താന്‍ എത്താന്‍ ഇടയായ സാഹചര്യം വിശദീകരിക്കുകയാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇതേക്കുറിച്ച് പറയുന്നത്. ഫോട്ടോഗ്രഫിയിലെ മികവും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് അമല്‍ നീരദിലേക്ക് തന്നെ കൂടുതല്‍ അടുപ്പിച്ചതെന്നാണ് മമ്മൂട്ടി പറയുന്നത്.

അമല്‍ നീരദ് ഒരു സിഡിയാണ് എന്റെ കൈയില്‍ കൊണ്ടുത്തന്നത്. ഫോര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ സിഡി. ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് അമല്‍ പറഞ്ഞു. അമല്‍ നീരദിനെ എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം ഒരു ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ടാണ്. മലയാളത്തില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന ഒരു ഫോട്ടോഗ്രഫി തുടങ്ങുന്നത് അമലിന്റെ ആ സിനിമയിലൂടെയാണ്. അമലിന്റെ ശിഷ്യന്മാരാണ് പിന്നീട് മലയാള സിനിമയുടെ ഛായാഗ്രഹണത്തില്‍ മാറ്റം വരുത്തിയതെന്നും മമ്മൂട്ടി പറയുന്നു. ഫോട്ടോഗ്രഫി, സിനിമയെക്കുറിച്ചുള്ള സമീപനം, സങ്കല്‍പങ്ങള്‍ ഒക്കെ കൊണ്ടാണ് അമല്‍ നീരദിനെ ഇഷ്ടപ്പെട്ടത്. സൗത്ത് അമേരിക്കന്‍ സിനിമയുടെയോ സ്പാനിഷ് സിനിമയുടെയോ ഒക്കെ ഫ്‌ളേവര്‍ ഉള്ള സിനിമ. ബ്രീത്തിംഗ് ഷോട്ടുകളും ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളും ഒക്കെയുള്ള സിനിമകളോട് ഒരു ആഭിമുഖ്യമുള്ള കാലമാണ് അത്. അത്തരം ഒരു സിനിമ മലയാളത്തില്‍ എടുക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ നമ്മള്‍ അതില്‍ ഉണ്ടാവണ്ടേ എന്ന് തോന്നിയിട്ടാണ് ബിഗ് ബിയിലേക്ക് വരുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിച്ച ഭീഷ്മ പര്‍വ്വം കഴിഞ്ഞ വര്‍ഷമാണ് പുറത്തെത്തിയത്. ഇതും തിയറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുക വിദേശത്തായിരിയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇതുസംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.