‘മാളികപ്പുറം’ പുതിയ ഉയരങ്ങളിലേക്ക്….! ഉണ്ണിമുകുന്ദന്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി
1 min read

‘മാളികപ്പുറം’ പുതിയ ഉയരങ്ങളിലേക്ക്….! ഉണ്ണിമുകുന്ദന്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി

ണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിനെ അഭിനന്ദിച്ച് ഏറെ പ്രമുഖരാണ് രംഗത്ത് എത്തിയത്. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുന്നതിന് മുന്നേ തന്നെ 25 കോടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 40 കോടിയം കടന്ന് മുന്നേറുകയാണ്. ഞായറാഴ്ച കേരളത്തില്‍ നിന്നുമാത്രം മാളികപ്പുറം സ്വന്തമാക്കിയത് 3 കോടിയാണ്. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ മാളികപ്പുറം 170 സ്‌ക്രീനുകളിലായി പ്രദര്‍ശനം. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമാകും മാളികപ്പുറം എന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്.

പൊങ്കല്‍ റിലീസായി എത്തിയ തല അജിത്തിന്റെ തുനിവിനും വിജയിയുടെ വാരിസിനും മാളികപ്പുറത്തിന്റെ തേരോട്ടത്തെ ഒരുതരി പോലും ഇളക്കാന്‍ സാധിച്ചില്ലെന്നതും എടുത്ത് പറയണം. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ സൂര്യപ്രഭയോടെ മാളികപ്പുറം തലയുയര്‍ത്തി നില്‍ക്കുകയാണ്. പല തിയറ്റുകളില്‍ നിന്നും വിജയിയുടെ വാരിസ് ഒഴിവാക്കി മാളികപ്പുറം കളിക്കുന്നു. പ്രവൃത്തി ദിവസങ്ങളില്‍ പോലും ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോള്‍ വേള്‍ഡ് വൈഡായി റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21ന് തെലുങ്ക് ഭാഷയില്‍ മാളികപ്പുറം റിലീസ് ചെയ്യും. അയപ്പ ഭക്തര്‍ക്ക് വലിയ സ്വാധീനമുള്ള തെലുങ്കാനയിലും ആന്ധാപ്രദേശിലും മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നതോടെ പാന്‍ ഇന്ത്യന്‍ ഹിറ്റായി മാളികപ്പുറം മാറുമെന്നാണ് സിനിമാേ്രപമികള്‍ അഭിപ്രായപ്പെടുന്നത്. നടന്‍ അല്ലു അര്‍ജ്ജുന്റെ ഗീതാ ആര്‍ട്‌സ് ആണ് മാളികപ്പുറം തെലുങ്ക് ഡബ്ബഡ് പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.