കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ഒരു സിനിമ 100 കോടി നേടുന്നത് ഇതാദ്യം ; മലയാളസിനിമയില്‍ പുതുചരിത്രമെഴുതി മാളികപ്പുറം
1 min read

കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ഒരു സിനിമ 100 കോടി നേടുന്നത് ഇതാദ്യം ; മലയാളസിനിമയില്‍ പുതുചരിത്രമെഴുതി മാളികപ്പുറം

തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മാളികപ്പുറം സിനിമയിലെ കല്യാണിയും പീയൂഷുമായെത്തിയ ദേവനന്ദയെയും ശ്രീപദ് യാനെയും പ്രശംസിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ദേവനന്ദ, ശ്രീപദ് യാന്‍ എന്നീ കുട്ടികളില്‍ ഈശ്വരസ്പര്‍ശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രത്തോളം അദ്ഭുതപ്പെടുത്തുന്നതാണ് അവരുടെ പ്രകടനം…’ എന്ന് ആന്റോ ആന്റണി എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അതുപോലെ തന്നെ മമ്മൂട്ടിയും മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും ഇരുവരുടേയും അഭിനയംകണ്ട് നന്നായി ചെയ്തുവെന്ന പറഞ്ഞിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരുന്നു.

തകര്‍പ്പന്‍ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ ഈ കുഞ്ഞു താരങ്ങള്‍ തന്നെയാണ് ചിത്രത്തിലെ ഹീറോകള്‍ എന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം പറയുന്നത്. മൂന്നര വയസ്സു തൊട്ട് ദേവനന്ദ അഭിനയിക്കുന്നുണ്ടായിരുന്നു. ‘തൊട്ടപ്പ’നാണ് ആദ്യ സിനിമ. മൈ സാന്റ, മിന്നല്‍ മുരളി തുടങ്ങി പതിനൊന്ന് സിനിമകളില്‍ അഭിനയിച്ചു. ശ്രീപദ് മൂന്നു സിനിമകളില്‍ അഭിനയിച്ചു. ‘ത, തവളയുടെ ത’ യില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ടിക്ടോക്കിലൂടെയാണ്. അതിനുശേഷം ‘കുമാരി’യില്‍ അഭിനയിച്ചു. അതില്‍ ചൊക്കന്‍ എന്ന ഒരു കുട്ടിച്ചാത്തന്റെ റോളായിരുന്നു.

അതേസമയം ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് മാളികപ്പുറം. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്. 2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്ററുകളിലെ റിലീസ് 6 നും ആയിരുന്നു.

പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്തിരുന്നു. അഭിലാഷ് പിള്ള തിരക്കഥയെഴുതിയ ചിത്രത്തിന് തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്.