മമ്മൂട്ടിയും മോഹൻലാലുമല്ലാതെ മറ്റാര്?; മലയാള സിനിമയിൽ 80 കോടി ക്ലബിൽ ആരെല്ലാമെന്ന് നോക്കാം..!!
1 min read

മമ്മൂട്ടിയും മോഹൻലാലുമല്ലാതെ മറ്റാര്?; മലയാള സിനിമയിൽ 80 കോടി ക്ലബിൽ ആരെല്ലാമെന്ന് നോക്കാം..!!

രു സിനിമ എത്ര കാലം തിയേറ്ററുകളിൽ ഓടിയെന്ന് കണക്കാക്കി സിനിമയുടെ ജയപരാജയങ്ങൾ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അക്കാലത്ത് കളക്ഷൻ അപ്രധാനമായിരുന്നു. 365 ദിവസവും 400 ദിവസവുമൊക്കെ ഓടിയിട്ടുള്ള ജനപ്രിയ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ വൈഡ് റിലീസിംഗിന് മുൻപും തിയറ്ററുകൾ എബിസി ക്ലാസുകളിലായി വിഭജിക്കപ്പെട്ടിരുന്നതിനും മുൻപായിരുന്നു.

അതിന് ശേഷം വൈഡ് റിലീസിംഗ് സാധാരണമായതിന് ശേഷം കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടെയാണ് ബോക്സ് ഓഫീസ് കണക്കുകൾ നിർമ്മാതാക്കൾ തന്നെ സിനിമകളുടെ പരസ്യത്തിന് ഉപയോഗിച്ച് തുടങ്ങിയത്. മറ്റ് ഭാഷാസിനിമകളോടൊപ്പം മലയാള സിനിമയുടെ മാർക്കറ്റും സമീപകാലത്ത് വലിയ തോതിൽ വളർന്നിട്ടുണ്ട്. മലയാളത്തിൽ 80 കോടിയിലധികം നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ.

2016 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകൻ ആണ് മലയാളത്തിൽ ആദ്യമായി 80 കോടിക്ക് മുകളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് കളക്റ്റ് ചെയ്ത ചിത്രം. പുലിമുരുകൻ മുതൽ നേര് വരെ ആകെ എട്ട് ചിത്രങ്ങൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരുടെ വിലയിരുത്തൽ. ഇതിൽ മുൻനിര താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും മാത്രമാണ് ഒന്നിലധികം ചിത്രങ്ങൾ ഉള്ളത്. മറ്റ് യുവതാരങ്ങൾക്ക് ഓരോ ചിത്രവും.

മോഹൻലാലിന് പുലിമുരുകൻ, ലൂസിഫർ, നേര് എന്നിവയാണ് 80 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രങ്ങളായി ഉള്ളത്. മമ്മൂട്ടിക്ക് ഭീഷ്മപർവ്വവും കണ്ണൂർ സ്ക്വാഡും. ദുൽഖർ സൽമാൻ നായകനായ കുറുപ്പ്, ടൊവിനോ തോമസ് നായകനായ മൾട്ടിസ്റ്റാർ ചിത്രം 2018, ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവർ ടൈറ്റിൽ കഥാപാത്രങ്ങളായ ആർഡിഎക്സ് എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് മലയാള ചിത്രങ്ങൾ.