ഡീ​ഗ്രേഡിങ്ങ് ഫലം കണ്ടില്ല; ആദ്യദിനം തന്നെ കോടികൾ വാരി മലൈക്കോട്ടൈ വാലിബൻ, ഓപ്പണിങ്ങ് ഡേ കളക്ഷൻ റിപ്പോർട്ട് പുറത്ത്
1 min read

ഡീ​ഗ്രേഡിങ്ങ് ഫലം കണ്ടില്ല; ആദ്യദിനം തന്നെ കോടികൾ വാരി മലൈക്കോട്ടൈ വാലിബൻ, ഓപ്പണിങ്ങ് ഡേ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ലിയ ഹൈപ്പോടുകൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടികെട്ടിൽ പിറന്ന വാലിബൻ ഇന്നലെ തിയേറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു ഇത്. മേക്കിങ്, മ്യൂസിക്, സിനിമാറ്റൊ​ഗ്രഫി, കാസ്റ്റിങ് തുടങ്ങി എല്ലാം തന്നെ ഒന്നിനോടൊന്ന് മികച്ച് നിന്നു. പക്ഷേ സിനിമ ഇറങ്ങി മിനിറ്റുകൾക്കം വലിയ തോതിലുള്ള ഡീ​ഗ്രേഡിങ് ആണ് നേരിടുന്നത്.

അതേസമയം, ഡീ​ഗ്രേഡിങ്ങിനെയൊന്നും വകവയ്ക്കാത്ത കളക്ഷൻ ആണ് വാലിബൻ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്. ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷൻ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1980 ഷോകളാണ് ഇന്നലെ കേരളത്തിൽ മാത്രം നടന്നത്. 4.76 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കർമാർ പങ്കുവയ്ക്കുന്ന വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

വാലിബന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്കായിരുന്നു. അസാധാരണമായ അഡ്വാൻസ് ബുക്കിംഗിലും ഒരു മലയാളം സിനിമയ്ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലോകമെമ്പാടുമുള്ള വിപുലമായ റിലീസിനും ഈ സിനിമ സാക്ഷ്യം വഹിച്ചു, വാലിബനിലൂടെ മറ്റൊരു ഇൻഡസ്ടറി ഹിറ്റ് നൽകാൻ മോഹൻലാലിന് സാധിക്കുമെന്നാണ് ആദ്യ ദിന കളക്ഷൻ പറയുന്നത്.

മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ച ചിത്രം ആണ് മലൈകോട്ടൈ വാലിബൻ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്.

രാജസ്ഥാൻ, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരു വർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഷിബു ബേബി ജോണും ലിജോയും മോഹൻലാലും ചേർന്നാണ് മലൈകോട്ടൈ വാലിബൻ നിർമിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന നൽകികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.