നാല് ദിനം കൊണ്ട് 25 കോടിയിലേക്ക് അടുത്ത് വാലിബൻ..!!! മോഹൻലാലിനേയും ലിജോ ജോസിനേയും പ്രശംസിച്ച് പ്രേക്ഷകർ
1 min read

നാല് ദിനം കൊണ്ട് 25 കോടിയിലേക്ക് അടുത്ത് വാലിബൻ..!!! മോഹൻലാലിനേയും ലിജോ ജോസിനേയും പ്രശംസിച്ച് പ്രേക്ഷകർ

മലയാള സിനിമയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടന്‍ ആരെന്ന ചോദ്യത്തിന് രണ്ടഭിപ്രായം ഉണ്ടാവാന്‍ ഇടയില്ല. മോഹന്‍ലാല്‍ അല്ലാതെ മറ്റാരുമല്ല ഇത്. മലയാളത്തില്‍ ഏറ്റവുമധികം ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള നടന്‍. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ചലച്ചിത്ര മേഖലയ്ക്ക് നന്നായി അറിയാം. സമീപകാലത്തിറങ്ങിയ നേര് അതിന് ഉദാഹരണമായിരുന്നു. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതിനാല്‍ വലിയ പ്രതീക്ഷകളായിരുന്നു മലൈക്കോട്ടൈ വാലിബനില്‍. ആദ്യ ദിനങ്ങളിലെ സമ്മിശ്ര പ്രതികരണങ്ങളെ മറികടന്നു കൊണ്ട് വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസയാണ് ഈ ചിത്രം ഇപ്പോൾ നേടുന്നത്. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് വാലിബന്‍.

സ്ക്രീനില്‍ എപ്പോഴും എന്തെങ്കിലും വിസ്മയം ഒളിപ്പിക്കാറുള്ള സംവിധായകന്‍റെ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മല്ലന്‍റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് വന്‍ പ്രതീക്ഷയാണ് സിനിമാപ്രേമികളില്‍ ഉണ്ടാക്കിയത്. മലയാള സിനിമ എക്കാലവും കണ്ട മികച്ച ആഗോള റിലീസുമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ഈ ചിത്രം നേടുന്നത്. റിലീസ് ചെയ്ത് ആദ്യ നാല് ദിവസം പിന്നിടുമ്പോൾ ആഗോള ഗ്രോസ്സായി 25 കോടിയിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്. കേരളത്തിൽ നിന്ന് 11 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം കേരളത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും കൂടി നേടിയത് 13 കോടിക്കും മുകളിലാണെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള ആദ്യ നാല് ദിവസത്തെ ട്രാക്ക്ഡ് ഗ്രോസ് മാത്രം 9 കോടിയോളമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ്സുകളിൽ ഒന്നാണ് മലൈക്കോട്ടൈ വാലിബൻ നേടിയെടുത്തിരിക്കുന്നത്.

ഇതിനിടയിൽ മനപൂർവമായ ഡീ​ഗ്രേഡിം​ഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. ഈ അവസരത്തിലാണ് റെക്കോർഡുകൾ സൃഷ്ടിച്ച് മലൈക്കോട്ടൈ വാലിബൻ ബോക്സ് ഓഫീസിൽ കസറുന്നത്. ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്റെ നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുതെന്നും ലിജോ പ്രസ്മീറ്റിൽ പറഞ്ഞു. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമയാണിത്. വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല. ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഇതിനുള്ളത്. അതിൽ നമ്മൾ ഒളിപ്പിച്ചിരിക്കുന്നത് വലിയ കാഴ്ചകളാണ്.അതിനു വേഗത പോരാ എന്നു പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.