വാലിബന്റെ ആ​ഗോള ബോക്സ് ഓഫിസ് കളക്ഷൻ പുറത്ത്; അൻപതിലേറെ രാജ്യങ്ങളിലെ റിലീസ് കളക്ഷനെ ബാധിച്ചോ…?
1 min read

വാലിബന്റെ ആ​ഗോള ബോക്സ് ഓഫിസ് കളക്ഷൻ പുറത്ത്; അൻപതിലേറെ രാജ്യങ്ങളിലെ റിലീസ് കളക്ഷനെ ബാധിച്ചോ…?

ലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടെയാണ് ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. പ്രതീക്ഷിച്ച പോലെത്തന്നെ ഈ ബി​ഗ് ബജറ്റ് ചിത്രം ആദ്യ ദിനങ്ങളിലെ ഡീ​ഗ്രേഡിങ്ങിനെ അതിജീവിച്ചു. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു തുടക്കത്തിലേ ഉണ്ടായിരുന്ന ഈ ഹൈപ്പിന് കാരണം.

വമ്പൻ റിലീസ് ആണ് ആഗോള തലത്തിൽ തന്നെ ചിത്രത്തിന് ലഭിച്ചതും. എന്നാൽ റിലീസ് ദിനത്തിൽ നെഗറ്റീവും സമ്മിശ്രവുമായ പ്രതികരണങ്ങളാണ് ചിത്രത്തിന് കൂടുതലും ലഭിച്ചത്. ഇത് ബോക്സ് ഓഫീസിൽ എത്തരത്തിൽ പ്രതിഫലിച്ചു. ഇപ്പോഴിതാ ചിത്രത്തിൻറെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തെത്തിയിരിക്കുകയാണ്. ഹൈപ്പിനൊത്ത പ്രീ റിലീസ് ബുക്കിംഗ് ലഭിച്ച ചിത്രം കൂടിയായിരുന്നു വാലിബൻ. അതിനാൽത്തന്നെ ആദ്യ ദിനത്തിലെ നെഗറ്റീവ് അഭിപ്രായങ്ങൾ ഓപണിംഗ് കളക്ഷനെ വലിയ തോതിൽ ബാധിച്ചില്ല.

കേരളത്തിൽ നിന്ന് ആദ്യദിനം ചിത്രം നേടിയത് 5.85 കോടി ആയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ തിയറ്ററുകളിൽ കാര്യമായി ഡ്രോപ്പ് ഉണ്ടായി. ആദ്യ നാല് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് ചിത്രം നേടിയ കളക്ഷൻ 11.02 കോടിക്കും 11.10 കോടിക്കും ഇടയിൽ ആണെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് അൻപതിലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. കേരളത്തിലേതിന് തതുല്യമായ കളക്ഷനാണ് ഓവർസീസിൽ നിന്ന് ചിത്രം നേടിയതെന്നാണ് പുറത്തെത്തുന്ന റിപ്പോർട്ടുകൾ. 11.1 കോടിയാണ് ഇത്.

അങ്ങനെ ചിത്രം നാല് ദിവസം നീണ്ട ആദ്യ വാരാന്ത്യത്തിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 24.02 കോടിയാണെന്നാണ് ട്രാക്കർമാർ അറിയിക്കുന്നത്. അതേസമയം ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യമുണ്ടായ നെ​ഗറ്റീവ് അഭിപ്രായങ്ങൾ ചിത്രം കൂടുതൽ ആളുകളിലേക്കെത്തിയതോടെ മാറി.