‘കശ്മീർ ഭീകരരുടെ ഭീഷണിയിലും പതറാതെ ധീരനായി നിന്ന് മോഹൻലാൽ’ ; അനുഭവം പങ്കുവെച്ച് മേജര്‍രവി
സിനിമകള്‍ക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്ന പ്രവര്‍ത്തന മേഖലയിലൂടെയാണ് മേജര്‍ രവി സിനിമയിലേക്ക് അടുക്കുന്നത്. പിന്നീട് പ്രിയദര്ശന്, രാജ്കുമാര് സന്തോഷി, കമലഹാസന്, മണിരത്നം തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പ്രിയദര്ശന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജര്‍ രവി 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജര്‍ രവി തന്നെയാണ്. 2006-ല്‍ മോഹന്‍ലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തില്‍ കാശ്മീര്‍ തീവ്രവാദത്തിന്റെ കഥ പറഞ്ഞ കീര്‍ത്തിചക്ര എന്ന സിനിമ സംവിധാനം ചെയ്തു. ഈ ചിത്രം മലയാളത്തില്‍ വന്‍ വിജയം നേടി.
കീര്‍ത്തി ചക്രയുടെ ഷൂട്ടിങ് സമയത്തെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് മേജര്‍ രവി. ചിത്രീകരണം ആരംഭിച്ച ദിവസം കശ്മീരിലെ ഒരു പ്രമുഖ പത്രത്തില്‍ ഒരു എക്സ്ക്ലൂസിവ് വാര്‍ത്ത ഇങ്ങനെയായിരുന്നു”മേജര്‍ രവി തിരിച്ചെത്തിയിരിക്കുന്നു, രണ്ടാംവരവില്‍ ആയുധം തോക്കല്ല; ക്യാമറയാണ്.” ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് ലേഖകന്‍ എക്സ്ക്ലൂസിവായി കണ്ടെത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇതറിഞ്ഞാല്‍ മോഹന്‍ലാല്‍ അസ്വസ്ഥനായേക്കാം. ഈ പത്രം ലാലിനെ കാണിക്കണ്ട, അദ്ദേഹം അസിസ്റ്റന്റിനോടു നിര്‍ദേശിച്ചു. പക്ഷേ, ഷൂട്ടിങ് തുടങ്ങാറായ സമയത്ത് ആ പത്രവു കൊണ്ടായിരുന്നു ലാല്‍ എത്തിയത്. ഒന്നാം പേജില്‍ മേജര്‍ രവിയുടെ പടം അടിച്ചു വന്നിട്ടുണ്ടല്ലോ എന്നും ലാല്‍ തമാശയായി പറഞ്ഞു. പേടിയുണ്ടോ, തിരിച്ചു പോയാലോ? മേജര്‍ രവി മോഹന്‍ലാലിനോടു ചോദിച്ചു.
നമ്മള് വന്നതു ഷൂട്ടിങ്ങിനാണെന്നും അതു കഴിഞ്ഞിട്ടു തിരിച്ചു പോകാമെന്നുമായിരുന്നു ലാലിന്റെ മറുപടി. അതേ സമയം എത്തിയപ്പോഴേക്കും ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഇന്ത്യന്‍ ആര്‍മി സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. മേജര്‍ രവിയുടെ സര്‍വീസ് ഹിസ്റ്ററി അറിയാമായിരുന്ന ജനറല്‍ വേണുവാണ് സിനിമാ ചിത്രീകരണ സ്ഥലത്തു പട്ടാളത്തെ വിന്യസിക്കാന്‍ ഉത്തരവിട്ടത്. പട്ടാളത്തിലായാലും സിനിമയിലായാലും മേജര്‍ രവിയുടെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുന്‍ സഹപ്രവര്‍ത്തകര്‍ക്ക് അറിയാം. അതിനാല്‍ രവിയെ അറിയിക്കാതെയാണ് സിനിമാ സംഘത്തിനു ചുറ്റും ആര്‍മി ജനറല്‍ വേണു സൈനികരെ വിന്യസിച്ചത്.
”കശ്മീര്‍ ഷെഡ്യൂള്‍ ഇരുപത്തഞ്ചു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. അതിനിടയ്ക്ക് പന്ത്രണ്ടു സ്ഥലത്ത് ഗ്രനേഡ് ആക്രമണം ഉണ്ടായി. അതൊക്കെ ലൊക്കേഷനില്‍ നിന്ന് ഒന്നു രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു No Casualities…” ജീവിതയാത്രയിലെ അധ്യായങ്ങള്‍ ഓര്‍ത്തെടുത്ത് മേജര്‍ രവി പറഞ്ഞു തുടങ്ങി. സിനിമയിലേതു പോലെ ത്രില്ലര്‍ കഥകളാണ് സീന്‍ ബൈ സീന്‍ കടന്നു വന്നത്.
2007-ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടികൂടൂന്ന മിഷന്റെ കഥ പറഞ്ഞ മിഷന് 90 ഡേയ്സ്, 2008-ല്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കീര്‍ത്തിചക്രയുടെ സെക്കന്റ് പാര്‍ട്ടായി പുറത്തിറങ്ങി കാര്‍ഗില്‍ യുദ്ധത്തിന്റെ കഥ പറഞ്ഞ കുരുക്ഷേത്ര എന്നീ സിനിമകളും സംവിധാനം ചെയ്തു.
മേജര്‍ രവി സംവിധാനം ചെയ്ത രണ്ട് സിനിമകളൊഴികെ ബാക്കി എല്ലാ സിനിമകളും സൈനിക പശ്ചാത്തലത്തിലുള്ളവയും സൈനിക പശ്ചാത്തലമുള്ള സിനിമകളിലെ നായകന് മോഹന്‍ലാലുമാണ്. 2012-ല്‍ റിലീസായ കര്‍മ്മയോദ്ധ എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് മേജര്‍ രവി.