“നല്ലവനായ റൗഡി’ ആയിരുന്നതുകൊണ്ടാണോ വീട്ടിലേക്ക് ക്ഷണം ഉണ്ടായത് ?”:അടൂരിന് മറുപടിയായി മേജർ രവി
1 min read

“നല്ലവനായ റൗഡി’ ആയിരുന്നതുകൊണ്ടാണോ വീട്ടിലേക്ക് ക്ഷണം ഉണ്ടായത് ?”:അടൂരിന് മറുപടിയായി മേജർ രവി

കേരളത്തിലെ സമാന്തര സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭനായ സംവിധായകൻ എന്നാണ് അടൂരിനെ വിശേഷിപ്പിക്കപ്പെടുന്നത്. കലാമൂല്യമുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻറെതായി പുറത്തുവന്നിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ആണ് അടൂരിന്റെ ചിത്രങ്ങൾ. സ്വയംവരം, കൊടിയേറ്റം, മതിലുകൾ, വിധേയൻ, നാല് പെണ്ണുങ്ങൾ തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിന് താരം നൽകിയ സംഭാവനകളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. അടുത്തിടെ വിവാദങ്ങളിലൂടെ അടൂർ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ അടൂർ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.

ഇതിന് പിന്നാലെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ പറ്റി അടൂർ പറഞ്ഞ വാക്കുകളും വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാത്തത് എന്താണെന്ന ചോദ്യത്തിന് മോഹൻലാലിൻറെ ‘നല്ല റൗഡി’ ഇമേജ് തനിക്ക് പ്രശ്നമാണെന്നും അതുകൊണ്ടാണ് ചിത്രം ചെയ്യാത്തതെന്ന് അടൂർ വ്യക്തമാക്കിയിരുന്നു. അങ്ങനെ ഒരു ഇമേജ് മനസ്സിൽ നിന്ന് കളയാൻ സാധിക്കുന്നതല്ലെന്ന് അടൂർ അഭിമുഖത്തിൽ പറഞ്ഞു. ഇതിന് ബാക്കിയെന്നവണ്ണം മലയാളത്തിലെ മുൻനിര താരങ്ങൾ അടക്കമുള്ളവർ തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞും അടൂരിനെ വിമർശിച്ചു കൊണ്ടും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ അതേ പരാമർശത്തിൽ അടൂരിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് മേജർ രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:” ശ്രീ അടൂർ ഗോപാലകൃഷ്ണൻ, താങ്കളെപ്പറ്റി ഞാൻ നേരത്തെ ഇട്ട ഒരു പോസ്റ്റിന്റെ തുടർച്ചയായി ആണ് ഇത് എഴുതുന്നത്. മലയാളികളുടെ പ്രിയതാരം ശ്രീ മോഹൻലാലിനെ ‘നല്ലവനായ റൗഡി’ എന്ന് താങ്കൾ വിശേഷിപ്പിച്ചത് മലയാള സിനിമയുടെ ആഗോള അംബാസിഡറായ താങ്കളുടെ ഓർമ്മ ഇപ്പോഴും സജീവമാണെന്ന് കരുതിക്കൊണ്ടു തന്നെയാണോ.എങ്കിൽ ഓർമ്മയിലേക്ക് ചില കാര്യങ്ങൾ ഞാൻ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് താങ്കൾ ശ്രീ മോഹൻലാൽ എന്ന ‘നല്ലവനായ റൗഡി’യെ താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും മോഹൻലാൽ അന്ന് തങ്ങളുടെ വസതിയിൽ എത്തുകയും ചെയ്തു.

അന്ന് ആലപ്പുഴയിലോ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ ചിത്രത്തിൻറെ കഥ പറയുകയും അതിൽ അഭിനയിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. റൗഡികളുടെ കഥ അല്ലാതിരുന്നിട്ട് കൂടി ഒട്ടും മടിയില്ലാതെ സന്തോഷത്തോടെ ശ്രീ മോഹൻലാൽ ആ വേഷം സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്, അന്ന് താങ്കൾക്ക് അദ്ദേഹം റൗഡി ആയിരുന്നില്ലേ? അതോ ‘നല്ലവനായ റൗഡി’ ആയിരുന്നതുകൊണ്ടാണോ ക്ഷണം ഉണ്ടായത്. പക്ഷേ ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചില്ല. അതിൻറെ കാരണമെന്താണെന്ന് ഈ ലോകത്ത് അങ്ങേക്കും ശ്രീ ലാലിനും ഇത് എഴുതുന്ന എനിക്കും കുറച്ച് ആളുകൾക്കും മാത്രം അറിയാം. പിന്നെ ‘അദ്ദേഹം വെറുമൊരു റൗഡി അല്ല നല്ലവനായ റൗഡിയാണ്’. അതുകൊണ്ടാകാം അദ്ദേഹം അതിൽ നിന്ന് പിന്മാറിയത്.