ആരാധകരുടെ അമിതാവേശം; ലിയോ പ്രൊമോഷന് കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് കാലിന് പരിക്ക്, തിയേറ്റർ സന്ദര്‍ശനവും പ്രസ് മീറ്റും മാറ്റിവെച്ചു.
1 min read

ആരാധകരുടെ അമിതാവേശം; ലിയോ പ്രൊമോഷന് കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് കാലിന് പരിക്ക്, തിയേറ്റർ സന്ദര്‍ശനവും പ്രസ് മീറ്റും മാറ്റിവെച്ചു.

തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യുടെ പ്രചാരണത്തിന്‍റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് വൻ വരവേൽപ്പ്. പാലക്കാട് അരോമ തിയേറ്ററിൽ സന്ദര്‍ശനത്തിനെത്തിയ സംവിധായകനെ കാണാനായി തടിച്ചുകൂടിയ ആരാധകരുടെ അമിതാവേശത്തിൽ ലോകേഷിന്‍റെ കാലിന് പരിക്കേറ്റു. പോലീസ് സന്നാഹങ്ങളും, പൂർണരീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിരുന്നെങ്കിലും ആരാധകരുടെ ആവേശം അതിരുവിട്ടതോടെ ജനത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടതായി വന്നു. തിക്കിലും തിരക്കിലും പെട്ട് കാലിന് പരിക്ക് സംഭവിച്ച ലോകേഷിനെ ഗോകുലം മുവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും, പരിക്ക് സാരമല്ലാത്തത്തിനാൽ ലോകേഷിനെ സ്വന്തം നാട്ടിലേയ്ക് പറഞ്ഞയക്കുകയും ചെയ്തു. ഗോകുലം മുവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയ്ക്കും ഈ തിക്കിലും തിരക്കിലും പെട്ട് കാലിന് പരിക്ക് സംഭവിച്ചിരുന്നു.

സംഭവത്തോടനുബന്ധിച്ച് സംവിധായകൻ ലോകേഷ് കനകരാജ് ഇന്നത്തെ മറ്റു പരിപാടികൾ റദ്ദാക്കിയാണ് നാട്ടിലേയ്ക് തിരികെ മടങ്ങിയത്. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ്സ് മീറ്റ് മറ്റൊരു ദിവസത്തിൽ നടത്തുന്നതിനായി എത്തിച്ചേരുമെന്നും ലോകേഷ് അറിയിച്ചിട്ടുണ്ട്.

19ന് തിയേറ്ററുകളിലെത്തിയ ‘ലിയോ’ കേരളത്തിലും എല്ലാ തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കലക്‌ഷനിലേക്ക് കുതിക്കുകയാണിപ്പോള്‍. കേരളത്തില്‍ നിന്ന് ആകെ 24.85 കോടി രൂപയാണ് ലിയോ ഇതിനകം നേടിയിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അവധി ദിനങ്ങളിലും വലിയ രീതിയിലുള്ള ജനപ്രവാഹമാണ് തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‍ടിച്ച സിനിമാറ്റിക് യൂണിവേഴ്‍സില്‍ (എൽസിയു) ലിയോയും എത്തിയത് ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

 

പാര്‍ഥിപൻ എന്ന കഥാപാത്രമായാണ് ദളപതി വിജയ് ചിത്രത്തിൽ നിറഞ്ഞാടിയിരിക്കുന്നത്. നായികയായി തൃഷയെത്തിയ ചിത്രത്തില്‍ സഞ്‍ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, ബാബു ആന്‍റണി, മാത്യു തോമസ്, അര്‍ജുൻ, പ്രിയ ആനന്ദ്, മധുസുധൻ റാവു, രാമകൃഷ്‍ണൻ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്ത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്നര്‍. വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്.