‘SG 251 സിനിമയെ തകർക്കാനും മുളയിലേ നുള്ളാനും പലരും ശ്രമിക്കുന്നു ‘ ; സംവിധായകന്റെ വെളിപ്പെടുത്തൽ
1 min read

‘SG 251 സിനിമയെ തകർക്കാനും മുളയിലേ നുള്ളാനും പലരും ശ്രമിക്കുന്നു ‘ ; സംവിധായകന്റെ വെളിപ്പെടുത്തൽ

മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സുരേഷ് ഗോപി മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങളാണ്. ആക്ഷനും കോമഡിയും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടൻ അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലൂടെയും കയ്യടി നേടി. നിരവധി പുതിയ ചിത്രങ്ങളുമായാണ് ഇപ്പോൾ താരത്തിന്റെ വരവ്. ഇതിൽ സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച ചിത്രമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതായിരുന്നു എസ്‍ജി 251 എന്ന് താല്‍ക്കാലികമായി പേരിട്ട പ്രൊജക്റ്റ്. സംവിധാനം രാഹുല്‍ രാമചന്ദ്രനാണ്. എസ്‍ജി 251 പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ തന്നെ ഒടുവില്‍ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ ഗരുഡൻ സിനിമയുടെ വാര്‍ത്താ സമ്മേളത്തിലായിരുന്നു എസ്‍ജി 25 നേരിടുന്ന പ്രതിസന്ധിയും ആദ്യം വെളിപ്പെടുത്തിയത്. നടൻ സുരേഷ് ഗോപി പറഞ്ഞത് സംവിധായകൻ രാഹുല്‍ രാമചന്ദ്രനും ശരിവെച്ചിരിക്കുകയാണ്. കുറച്ചുനാളായി പ്രതിസന്ധിയിലാണ് എന്നത് വാസ്‍തവമാണ്. എസ്‍ജി 251ന് ഒരു നിര്‍മാതാവില്ലെന്ന് സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ രാമചന്ദ്രൻവെളിപ്പെടുത്തിയിരിക്കുന്നത്.

 

സിനിമയുടെ പിറവിയെ തടുക്കാൻ ആര്‍ക്കുമാകില്ലെന്നും സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ വ്യക്തമാക്കുന്നു. ഒരുപിടി നല്ല പ്രൊഡ്യൂസർമാരോട് സംസാരിക്കുന്നുണ്ട്. കഥയും ബജറ്റും മനസിലാക്കി അവർ ഇത് മുന്നോട്ടു കൊണ്ടുപോകുമെന്ന് വിശ്വാസമുണ്ട് എന്നും രാഹുല്‍ രാമചന്ദ്രൻ വ്യക്തമാക്കുന്നു. എന്തായാലും എസ്‍ജി 251 പുറത്തുവരുമെന്ന് തനിക്ക് സംശയമൊന്നും ഇല്ലെന്നും രാഹുല്‍ രാമചന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

എസ്‍ജി 251 ഒരു വാച്ച് മെക്കാനിക്കിന്റെ കഥയാണ് എന്ന് നേരത്തെ രാഹുല്‍ രാമചന്ദ്രൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരുന്നു. അയാള്‍ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുകയാണ്. അതിനു മുമ്പ് മറ്റൊരു ജോലിയുണ്ടായിരുന്നു. അതില്‍ നിന്നുള്ള റിട്ടയര്‍മന്റിലാണ് ഇപ്പോള്‍. ഇത് ഒരു മാസ് സിനിമയല്ല. ഇത് ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാമെന്നും രാഹുല്‍ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ഡ്രാമയ്‍ക്ക് പ്രാധാന്യമുള്ളതായിരിക്കും എസ്‍ജി 251 സിനിമ എന്നും രാഹുല്‍ രാമചന്ദ്രൻ പറയുന്നു.