‘കൊട്ടിയൂര്‍ പീഡനം, കെവിന്‍ വധം, തിരുത, ഉള്ളിക്കറി’.. വീണ്ടും ഇതാ ഭീഷ്മപര്‍വ്വത്തിലെ റിയല്‍ലൈഫ് റഫറന്‍സുകള്‍ ചര്‍ച്ചയാകുന്നു
1 min read

‘കൊട്ടിയൂര്‍ പീഡനം, കെവിന്‍ വധം, തിരുത, ഉള്ളിക്കറി’.. വീണ്ടും ഇതാ ഭീഷ്മപര്‍വ്വത്തിലെ റിയല്‍ലൈഫ് റഫറന്‍സുകള്‍ ചര്‍ച്ചയാകുന്നു

ലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകള്‍ തുറന്നപ്പള്‍ മലയാള സിനിമയ്ക്ക് വലിയ വിജയം സമ്മാനിച്ച ചിത്രമാണ് അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. മാത്രമല്ല, ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ പ്രദര്‍ശനം വിജയകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. 90 കോടി എന്നത് തീയറ്റര്‍ കളക്ഷന്‍ മാത്രമാണ്. സാറ്റലൈറ്റ്, ഒടിടി തുടങ്ങിയവയിലൂടെ 115 കോടിയിലധികം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും വലിയ കൊമേഷ്യല്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഭീഷ്മപര്‍വ്വം. മമ്മൂട്ടിയുടെ മാസ്സും ഗ്ലാമറും കിടിലന്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കും ഒപ്പം തന്നെ റിയല്‍ ലൈഫ് സംഭവങ്ങളും സിനിമ പറയുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ആയതോടെ ചിത്രത്തില്‍ ഈ റിയല്‍ ലൈഫ് റഫറന്‍സുകളാണ് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

സിനിമ തുടങ്ങുന്നത് തന്നെ 2018 ലെ കെവിന്‍ വധം പരാമര്‍ശിച്ചുകൊണ്ടാണ്. കെവിനും ഭാര്യ നീനുവിനും സിവിമ സമര്‍പ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായിട്ടാണ് കെവിന്‍ വധം വിശേഷിപ്പിക്കപ്പെടുന്നത്. കൊച്ചിയിലെ രാഷ്ട്രീയക്കാരനായ ദിലീഷ് പോത്തന്റെ ജെയിംസ് എന്ന കഥാപാത്രമാണ് മറ്റൊന്ന്. ഡല്‍ഹിയിലെ മദാമ്മേം മോനും എന്ന് ജെയിംസ് പറയുന്നുണ്ട്. ഇത് സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയുമാണ്. ജെയിംസ് എന്ന കഥാപാത്രം തന്നെ മുന്‍ എംപിയായ കെ വി തോമസിനെ ഉദ്ദേശിച്ചാണെന്നും ചര്‍ച്ചകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബീഫ് കഴിയ്ക്കുന്നു എന്ന ടൈറ്റിലോടെ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താന്‍ കഴിച്ചത് ഉള്ളിക്കറിയാണെന്ന വിശദീകരണവുമായി സുരേന്ദ്രന്‍ തന്നെ രംഗത്തു വന്നിരുന്നു. ‘ബീഫല്ല.. ഉള്ളിക്കറിയാ.. ഉള്ളി’ എന്ന ഡയലോഗിലൂടെ ദിലീഷ് പോത്തന്‍ പറയുന്നത് ഈ സംഭവത്തിന്റെ റഫറന്‍സാണ്. 13 എഡി ബാന്‍ഡാണ് മറ്റൊന്ന്. 80കളില്‍ ഇന്ത്യയില്‍ തന്നെ തരംഗമായിരുന്നു ഈ ബാന്‍ഡ്. പറുദീസ എന്ന പാട്ടില്‍ ചുമരെഴുത്തായി ഈ ബാന്‍ഡ് പരാമര്‍ശിക്കപ്പെടുന്നുണ്ട്. സുദേവ് നായര്‍ അവതരിപ്പിച്ച വില്ലനായ രാജന്‍ ഇടക്ക് ബഡാ രാജന്‍ റഫറന്‍സായും എത്തുന്നു.

കേരളത്തെ പിടിച്ചുകുലുക്കിയ കൊട്ടിയൂര്‍ പീഡനക്കേസാണ് വളരെ പ്രകടമായി സിനിമയില്‍ കാണാന്‍ കഴിയുന്ന മറ്റൊരു റിയല്‍ സംഭവം. ജിനു ജോസഫ് അവതരിപ്പിച്ച ഫാദര്‍ സൈമണ്‍ എന്ന കഥാപാത്രം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നുണ്ട്.ഫാദര്‍ റോബിന്‍ വടക്കാഞ്ചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസാണ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. 2020 ഡിസംബറില്‍ നടന്ന അമ്പിളി-രാജന്‍ ദമ്പതികളുടെ ആത്മഹത്യയാണ് ചിത്രത്തിന്റെ ഏറ്റവും ഒടുവില്‍ പരാമര്‍ശിക്കുന്നത്. പോലീസ് വീട് ഒഴിപ്പിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോളൊഴിച്ച് അമ്പിളിയും രാജനും ആത്മഹത്യാ ഭീഷണി മുഴക്കുകയും തീ തട്ടിത്തെറിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്തേക്ക് തീ പടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. അച്ഛന്റേയും അമ്മയുടെയും മരണത്തിന് പ്രതികാരം ചെയ്യാന്‍ വരുന്ന കൗമാരക്കാരായ കുട്ടികളിലൂടെ ഈ സംഭവമാണ് സിനിമ ഓര്‍മിപ്പിക്കുന്നത്.