‘സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എനിക്ക് എക്കാലവും പ്രചോദനമാണ്’ ; നടന്‍ കാര്‍ത്തി
1 min read

‘സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എനിക്ക് എക്കാലവും പ്രചോദനമാണ്’ ; നടന്‍ കാര്‍ത്തി

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെച്ച് നടക്കുന്ന തെമ്മാടിയായ ആടുതോമ ഇന്നും പ്രേക്ഷകരുടെ മനസില്‍ കുടികൊള്ളുന്നു. തിയറ്ററുകളിലും ബോക്സോഫീസിലുമെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു. ഊതിക്കാച്ചിയ പൊന്നുപോലെയായിരുന്നു ചിത്രത്തിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്‍, ഉര്‍വ്വശി, കെ.പി.എ.സി ലളിത അങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.

മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ സഫ്ടികവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയെന്ന കഥാപാത്രവും തനിക്ക് എക്കാലവും പ്രചോദനമാണെന്ന് പറയുകയാണ് തമിഴ് നടന്‍ കാര്‍ത്തി. വിരുമന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ആണ് താരം ഇക്കാര്യം പറഞ്ഞത്. സ്ഫടികത്തിലെ പോലെ വരുമനിലും അച്ഛനും മകനും കേന്ദ്രകഥാപാത്രങ്ങളാണ്. പ്രകാശ് രാജാണ് തന്റെ അച്ഛനായി അഭിനയിക്കുന്നത്. തിലകന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് തന്റെ പുതിയ ചിത്രം അഭിനയിക്കുമ്പോള്‍ ഓര്‍മവന്നതെന്നും കാര്‍ത്തി പറയുന്നു.

സ്ഫടികം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ്. ചിത്രം റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ചെയ്തേനെ. സ്ഫടികത്തില്‍ മോഹന്‍ലാല്‍ കറുത്ത കണ്ണട ഉപയോഗിക്കുന്നത് കണ്ട് ഇഷ്ടപ്പെട്ടാണ് താനും ഈ സിനിമയില്‍ കണ്ണട സ്റ്റെലാക്കിയത്. ഗ്രാമീണ പശ്ചാത്തലമുളള സിനിമകളില്‍ അഭിനയിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. അത്തരം സിനിമകളില്‍ ലുങ്കി മടക്കിക്കുത്തി ഇറങ്ങുമ്പോള്‍ ഒരു സൂപ്പര്‍മാന്‍ ശക്തി ലഭിക്കും. സിനിമയിലെ സംഘട്ടന രംഗങ്ങളില്‍ ആടുതോമയുടെ സ്വാധീനം ഉണ്ടാകരുതെന്ന് സംവിധായകന്‍ മുത്തയ്യ പ്രത്യേകം പറഞ്ഞിരുന്നുവെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ലോകേഷിനൊപ്പം കാര്‍ത്തി ഒന്നിക്കുന്ന കൈതിയുടെ ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങും. റോളെക്സും ദില്ലിയും കൈതി രണ്ടാം ഭാഗത്തില്‍ വരുമോയെന്ന് എനിക്കറിയില്ല. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. വിജയ് ചിത്രം പൂര്‍ത്തിയായ ശേഷം കൈതി രണ്ടിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും കാര്‍ത്തി വ്യക്തമാക്കുന്നു. അതേസമയം മുത്തയ്യയാണ് വിരുമന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.