‘മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മനിയല്ല… ‘ ; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍
1 min read

‘മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മനിയല്ല… ‘ ; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ലോക്സഭാ സെക്രട്ടേറിയറ്റ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ചില വാക്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം വന്നത്. അഴിമതി, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, റാസ്‌ക്കല്‍, വേശ്യ, ഖാലിസ്ഥാനി, വിനാശപുരുഷന്‍, ഇരട്ടവ്യക്തിത്വം, ഭീരു, മുതലക്കണ്ണീര്‍, കണ്ണില്‍പൊടിയിടല്‍, ചതി, ക്രമിനല്‍, കഴുത, നാടകം തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് വിലക്കിട്ടത്. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.

ഇപ്പോഴിതാ നരേന്ദ്ര മോദിക്കെരിരെ രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. മിസ്റ്റര്‍ ഹിറ്റ്ലര്‍ ഇത് ജര്‍മനിയല്ല എന്ന് പറഞ്ഞായിരുന്നു പ്രതികരണം. ഇത് രാജവാഴ്ചയല്ല, ജനാധിപത്യമാണെന്നും ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോദി ഏകാധിപത്യം തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും വളരെ രൂക്ഷമായി കമല്‍ ഹാസന്‍ വിമര്‍ശിച്ചു. പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യത്തിന്റെ ഒരു പ്രത്യാവകാശമാണ്. അതിന് അനുവാദം ഇല്ലെങ്കില്‍ അത് നമ്മുടെ ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹുമാന്യനായ പ്രധാനമന്ത്രിയും മന്ത്രിമാരും വിമര്‍ശനങ്ങളോട് തുറന്ന സമീപനമല്ലെങ്കില്‍ അവര്‍ക്കെതിരെ അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍, നമ്മള്‍ രാജവാഴ്ച്ചയുടെ കാലത്തേക്ക് മടങ്ങി പോകുന്നതിന് തുല്യമാണ്. അവിടെ രാജാക്കന്മാരെയും മന്ത്രിമാരെയും പുകഴ്ത്തുന്ന സദസ്സുണ്ടായിരുന്നു.ഒരു രാജാവിനെ ആരും ചോദ്യം ചെയ്യാനില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ നശിക്കും. അവനെ ആരും നശിപ്പിക്കാന്‍ ഇല്ലെങ്കില്‍ പോലും അത് സാധ്യമാകുമെന്നും ട്വിറ്ററില്‍ കുറിച്ചു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്.

 

ഈ വിഷയത്തില്‍ പ്രതികരണവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സാധാരണയായി ഉപയോഗിക്കാറുള്ള വാക്കുകളാണിതെന്നും, ഇപ്പോള്‍ അത് നിരോധിച്ചിരിക്കുകയാണെന്നും അതിന് കാരണം മോദിയെ വിമര്‍ശിക്കാതിരിക്കാനുള്ള അടവാണ് ഈ നിരോധനമെന്നുമാണ് പ്രതിപക്ഷം പ്രതികരിച്ചിരിക്കുന്നത്. ചില വാക്കുകള്‍ വിലക്കുന്നത് പുതുമയുള്ള കാര്യമല്ല.1954 മുതല്‍ നിലവിലുള്ള രീതിയാണത്. ഒരു പാര്‍ലമെന്റ് നടപടി മാത്രമാണ്.അതിന്റെ പേരില്‍ അനാരോഗ്യ ചര്‍ച്ചകള്‍ വേണ്ട എന്നായിരുന്നു സ്പീക്കര്‍ ഓം ബിര്‍ള ഈ വിഷയത്തില്‍ പ്രതികരിച്ചത്.