‘നേര്’ എന്ന പേരിലേക്കെത്തിയത് ഇങ്ങനെ; സിനിമയ്ക്ക് പേര് നൽകിയയാളെ വെളിപ്പെടുത്തി ജീത്തു ജോസഫ്
1 min read

‘നേര്’ എന്ന പേരിലേക്കെത്തിയത് ഇങ്ങനെ; സിനിമയ്ക്ക് പേര് നൽകിയയാളെ വെളിപ്പെടുത്തി ജീത്തു ജോസഫ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന നേര് എന്ന ചിത്രം വലിയ തിയേറ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈയിടെയായി കണ്ടു വരുന്ന പതിവ് മോഹൻലാൽ ചിത്രങ്ങളെ അപേക്ഷിച്ച് നേര് വളരെയേറെ വ്യത്യസ്തത പുലർത്തുന്ന ചിത്രമാണ്. മാസ് ഡയലോ​ഗുകളും ത്രില്ലിങ്ങ് മൊമെന്റുകളുമൊന്നുമില്ലാതെ വർഷങ്ങൾക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം വമ്പിച്ച തിയേറ്റർ വിജയം നേടിയെടുത്തിരിക്കുകയാണ്.

ഇപ്പോൾ ഈ സിനിമയുടെ പേരിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങിൽ പേരിനെക്കുറിച്ചുള്ള ചർച്ച വരികയും അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാളായ ഒരു പെൺകുട്ടി നേര് എന്ന പേര് നിർദ്ദേശിക്കുകയുമാണ് സംഭവിച്ചതെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ക്ലബ് എഫ്എമ്മിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

പല പേരുകളും വന്നതിൽ നിന്ന് തിരഞ്ഞെടുത്തതായിരുന്നു നേര്. ദൃശ്യം എന്ന ചിത്രത്തിന് ഫാമിലി എന്ന് പേരിട്ടിരുന്നോ എന്ന വീഡിയോ ജോക്കിയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യത്തിന് തുടക്കത്തിൽ വെറുതെ അങ്ങനെയൊരു പേരിട്ടിരുന്നെന്നും പിന്നീട് മാറ്റിയെന്നും അദ്ദേഹം പ്രതികരിച്ചു. അതുപോലെ നേരിന് സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് നൽകിയ പേര് ബ്ലൈൻഡ് ​ഗേൾ എന്നായിരുന്നു എന്നും ജീത്തു ജോസഫ് വ്യക്തമാക്കി.