കംപ്ലീറ്റ് ഫാമിലി എന്റർടൈനറുമായി ലാലു അലക്സും ദീപക് പറമ്പോലും; ഇമ്പം പ്രേക്ഷകരിലേക്ക്
1 min read

കംപ്ലീറ്റ് ഫാമിലി എന്റർടൈനറുമായി ലാലു അലക്സും ദീപക് പറമ്പോലും; ഇമ്പം പ്രേക്ഷകരിലേക്ക്

മലയാളികളുടെ ഇഷ്ടതാരമായ ലാലു അലക്സും യുവനടൻമാർക്കിടയിൽ ശ്രദ്ധേയനായ ദീപക് പറമ്പോലും ഒന്നിക്കുന്ന ഇമ്പം തിയേറ്റർ റിലീസിനൊരുങ്ങുന്നു. വ്യത്യസ്തമായ പ്രമേയവും മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ തന്നെ ആയിരിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ശബ്ദം എന്ന പേരിലിറങ്ങുന്ന ഒരു മാ​ഗസിനുമായി ബന്ധപ്പെട്ടാണ് കഥ രൂപപ്പെടുന്നത്.

‘ബ്രോ ഡാഡി’യ്ക്ക് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ചാവേർ, കണ്ണൂർ സ്ക്വാഡ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദീപക് പറമ്പോൽ അഭിനയിക്കുന്ന സിനിമയുമാണിത്. ലാൽ ജോസിന്റെ സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദർശന സുദർശനാണ് നായികാ വേഷത്തിലെത്തുന്നത്.

ശബ്‍ദം എന്നു പേരുള്ള ഒരു പബ്ലിഷിംഗ് ഹൗസിൻറെ നടത്തിപ്പുകാരനായ കരുണാകരൻ എന്നയാളുടേയും അയാളുടെ സ്ഥാപനത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റായ നിധിൻ എന്ന ചെറുപ്പക്കാരൻറേയും കൂടിക്കാഴ്ചയും അതിന് ശേഷം നടക്കുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

പല തലമുറകളിലെ പ്രണയ ഭാവങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങളും സിനിമയിൽ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിലേതായി എത്തിയ ഫസ്റ്റ് ലുക്കും ‘മായികാ മധുനിലാ…’ എന്ന ഗാനവുമെല്ലാം സോഷ്യൽമീഡിയയിൽ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ടോട്ടൽ ഫാമിലി എൻറർടെയ്നറായി തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് പി.എസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നു.

മീര വസുദേവ്, ഇർഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്ട്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈൻസ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാൻ്റ് എൽ.എൽ.പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.