അമ്പും വില്ലുമേന്തി  വാലിബന്റെ പടയാളികൾ…..!! ആ താരവും വേറിട്ട ഗെറ്റപ്പില്‍
1 min read

അമ്പും വില്ലുമേന്തി വാലിബന്റെ പടയാളികൾ…..!! ആ താരവും വേറിട്ട ഗെറ്റപ്പില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ വിജയാഘോഷത്തിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പ്രകമ്പനം തീര്‍ത്ത് മുന്നേറുകയാണ്. പുതുവര്‍ഷത്തിന് തൊട്ട് മുമ്പ് നേരിലൂടെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ 2024ലും കുതിപ്പ് തുടരുമെന്ന ശക്തമായ സൂചന നല്‍കി കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു.പുതുവര്‍ഷത്തില്‍ മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറ്. ചിത്രത്തിന്‍റെ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ പോസ്റ്ററും അത്തരത്തില്‍ത്തന്നെ സ്വീകരിക്കപ്പെട്ടു.

ചിത്രത്തിലെ ഏറ്റവുമധികം കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഇന്നലെയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ലിജോ സൃഷ്ടിച്ചിരിക്കുന്ന സാങ്കല്‍പ്പിക ഭൂമികയിലുള്ള കഥാപാത്രമായി ഏറെ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അതുപോലെതന്നെയാണ് മറ്റ് അഭിനേതാക്കളും. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെ പോസ്റ്ററില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഹരീഷ് പേരടി. പോസ്റ്ററില്‍ ടൈറ്റിലിന്‍റെ ഇടതുവശത്തായാണ് ഹരീഷിന്‍റെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഇന്നുവരെ പ്രത്യക്ഷപ്പെടാത്ത തരത്തിലാണ് ഹരീഷ് പേരടിയുടെയും ഗെറ്റപ്പ്.

“ഏതോ ഒരു കാലത്തിലൂടെയും മറ്റേതോ ഒരു ഭൂമികയിലൂടെയും കഥാപാത്രമായി നടന്ന ആ വഴികളിലൂടെ, കഥാപാത്രമല്ലാതെ വീണ്ടും അതേ വഴികളിലൂടെ ഊരും ഉറവയും കാണാൻ വന്ന ഒരു കുട്ടിയായി നടക്കണം എന്ന് ഞാൻ അപൂർവ്വമായേ ആഗ്രഹിച്ചിട്ടുള്ളൂ. മലൈക്കോട്ടൈ വാലിബൻ”, തന്‍റെ കഥാപാത്രത്തിന്‍റെ ചിത്രത്തിനൊപ്പം ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.