”കാതൽ ഞാൻ കണ്ടു, വളരെ ശക്തവും സൂക്ഷ്മവുമായ ചിത്രം”; പ്രശംസകളുമായി ​ഗൗതം മേനോൻ
1 min read

”കാതൽ ഞാൻ കണ്ടു, വളരെ ശക്തവും സൂക്ഷ്മവുമായ ചിത്രം”; പ്രശംസകളുമായി ​ഗൗതം മേനോൻ

റിലീസ് ചെയ്തത് മുതൽ കേരളസമൂഹം വളരെയധികം ചർച്ച ചെയ്ത സിനിമയാണ് ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ കാതൽ ദി കോർ. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതോടെ ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി പ്രശംസകളാണ് കാതലിന് കിട്ടിക്കൊണ്ടിരിക്കുന്നത്. തിയറ്റർ റിലീസിൻറെ സമയത്ത് മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.

കാതൽ കണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് മെസേജ് അയക്കുകയായിരുന്നു ഗൗതം മേനോൻ. “ഹായ് സുധി, സിനിമ ഞാൻ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളും വളരെ നന്നായി ചെയ്തിട്ടുണ്ട്. വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ ചിത്രമാണിത്. വളരെ ഇഷ്ടപ്പെട്ടു എനിക്ക്”, എന്നാണ് ഗൗതം മേനോൻ സുധിക്ക് അയച്ച സന്ദേശം.

രാജ് ബി ഷെട്ടി, ഹൻസൽ മെഹ്‍ത, ദിവ്യ ദർശിനി, ശ്രേയ ധന്വന്തരി, ജി ധനഞ്ജയൻ തുടങ്ങഇ നിരവധി പേർ കാതലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സ്വവർഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. ജ്യോതികയാണ് ചിത്രത്തിലെ നായിക. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവംബർ 23 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ പേര്.