‘ബറോസി’ല്‍ പൊലീസ് വേഷത്തില്‍ ഗുരു സോമസുന്ദരം ; കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്
1 min read

‘ബറോസി’ല്‍ പൊലീസ് വേഷത്തില്‍ ഗുരു സോമസുന്ദരം ; കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ചിത്രത്തിന്റതായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ പെട്ടന്ന്തന്നെ ഏറ്റെടുക്കാറുണ്ട്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസിന്റെ എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്‌പെഷല്‍ എഫക്റ്റ്‌സ് ചെയ്യാനുണ്ട്. ഒരു തായ്‌ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍ എന്നും മോഹന്‍ലാല്‍ ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇപ്പോഴിതാ ചിത്രത്തില്‍ ഗുരുസോമസുന്ദരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ‘ഷിബു’വെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഗുരു സോമസുന്ദരം. താരത്തിന് മോഹന്‍ലാല്‍ ചിത്രത്തിലും മികച്ച വേഷമാണ് ലഭിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഗുരുസോമസുന്ദരം അഭിനയിക്കുന്നത്. ‘ബറോസി’ല്‍ മോഹന്‍ലാലിനൊപ്പം തനിക്ക് ചില രംഗങ്ങളുണ്ടെന്നും ഗുരുസോമസുന്ദരം റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ‘വളരെ സ്‌നേഹസമ്പന്നനായ ഒരു വ്യക്തിയാണ് മോഹന്‍ലാല്‍. ഏറെ പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹന്‍ലാല്‍ കഥാപാത്രത്തെ വിവരിച്ചുനല്‍കുന്നത്. ചെയ്യേണ്ടത് എന്താണ് എന്ന് അദ്ദേഹം പറഞ്ഞുതരം. സംവിധായകന്‍ പറയുന്ന രീതിയില്‍ മാത്രമാണ് താന്‍ അഭിനയിക്കുക എന്നും ഗുരു സോമസുന്ദരം പറഞ്ഞു. ‘ബറോസി’ലെ ക്യാരക്ടര്‍ റോള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. ബറോസ് ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും വലിയ സിനിമയാണ്. കുറെ അഭിനേതാക്കള്‍, കോസ്റ്റ്യൂംസ്, ടെക്‌നീഷ്യന്‍സ്, കഥ തുടങ്ങിയെല്ലാം ഭയങ്കരമാണ്’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. അതേസമയം ബറോസ് എന്ന സിനിമയുടെ ഒറിജിനല്‍ സ്‌ക്രിപ്റ്റ് എഴുതിയ ജിജോ പൊന്നൂസിന്റെ ബ്ലോഗ് പ്രകാരം, ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്ന ബറോസ് അദ്ദേഹം കണ്‍സീവ് ചെയ്ത വേര്‍ഷന്‍ അല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോവിഡ് മൂലം ഷൂട്ടിംഗ് ഒരുപാട് മുടങ്ങിയ ശേഷം വീണ്ടും റിവൈവ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ ഒരുപാട് മാറ്റങ്ങള്‍ സ്‌ക്രിപ്റ്റിലും ക്യാരക്ടേര്‍സിലും വരുത്തി എന്നാണ് ജിജോ ബ്ലോഗിലൂടെ പറയുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.