“മകന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മലയൻകുഞ്ഞ്” – മനസ്സ് തുറന്നു അച്ഛൻ ഫാസിൽ
1 min read

“മകന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മലയൻകുഞ്ഞ്” – മനസ്സ് തുറന്നു അച്ഛൻ ഫാസിൽ

നവാഗതനായ സജിമോൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  മലയൻകുഞ്ഞ്. സിനിമയുടെ ട്രെയ്‌ലർ, മേക്കിങ് വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്.  പാട്ടുകളെല്ലാം ആരാധകർ ഇരുകൈയും നീട്ടി തന്നെയാണ് സ്വീകരിച്ചത്. 30വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘മലയൻകുഞ്ഞ് എന്ന സിനിമയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ആത്മാർത്ഥതയും തുറന്നുപറയുകയാണ് സിനിമയുടെ നിർമാതാവായ ഫാസിൽ.

ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ചിത്രമായിരിക്കും ‘മലയൻകുഞ്ഞ്’. അത് ഞാൻ ഉറപ്പ് നൽകുന്നു എന്നാണ് ഫാസിൽ പറയുന്നത്. സിനിമ നിർമ്മാണ രംഗത്തെ തനിക്ക് തിരിച്ചുവരണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു . പുതിയ സാങ്കേതിക വശങ്ങളെ പറ്റിയും അതിൽ വന്ന മാറ്റങ്ങളെയും മനസ്സിലാക്കണം എന്ന് നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു അതുകൊണ്ടുതന്നെ  പ്രേക്ഷകരുടെ അഭിരുചികൾ മനസ്സിലാക്കണം എന്ന് നേരത്തെ ഫഹദിനോട് പറഞ്ഞിരുന്നു.  ആ സമയത്താണ് ഫഹദ് വഴി മഹേഷ് നാരായണൻ എന്നോട് കഥ പറയുന്നത്. സിനിമയുടെ കഥ കേട്ടുകഴിഞ്ഞപ്പോൾ അത് എനിക്ക് വല്ലാതെ ഇഷ്ടമായി അപ്പോൾ തന്നെ ആ സിനിമ നിർമ്മിക്കണമെന്ന് തോന്നിയെന്ന് ഫാസിൽ പറയുന്നു.

ഏകദേശം പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഫാസിൽ നിർമിക്കുന്ന ഒരു ചിത്രം തിയേറ്ററിലേക്ക് എത്താൻ ഒരുങ്ങുന്നത്. 20 വർഷങ്ങൾക്ക് ശേഷമാണ് ഫാസിലും ഫഹദും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. ചിത്രം ജൂലൈ 22ന് ‘സെഞ്ച്വറി ഫിലിംസ്‌ ആണ് തിയേറ്ററിൽ എത്തിക്കുന്നത്. സജിമോന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്.  മുപ്പത് വർഷത്തിന് ശേഷം എ. ആർ. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.  രജിഷാ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ  ഉണ്ട്.   അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം നിർവഹിച്ചത്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കർ, മാർക്കറ്റിംഗ് ഹെയിൻസ്, വാർത്താ പ്രചരണം എം. ആർ. പ്രൊഫഷണൽ.