സസ്‌പെന്‍സ് നിറച്ച് ‘എമ്പുരാന്‍’ ; പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹന്‍ലാല്‍ 
1 min read

സസ്‌പെന്‍സ് നിറച്ച് ‘എമ്പുരാന്‍’ ; പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹന്‍ലാല്‍ 

മമ്മൂട്ടി നായകനായെത്തിയ കണ്ണൂര്‍ സ്‌ക്വാഡാണ് ഇപ്പോള്‍ മലയാള സിനിമയിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ചര്‍ച്ചാവിഷയം. പുതുതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാന്‍ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം പ്രശംസിക്കപ്പെടുന്നതിനിടെ മറ്റൊരു ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. പൃഥ്വിരാജിന്റെ ഔദ്യോഗിക നെറ്റ്വര്‍ക്ക് പേജായ ‘Poffactio’ ആണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ‘Poffactio’ല്‍ നാളെ ഒരു അപ്‌ഡേറ്റ് വരുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്ന സലാറിന്റെയും എമ്പുരാന്റെയും ഫോട്ടോകള്‍ വച്ച് ഫേസ്ബുക്ക് കവറും ഇവര്‍ മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഇവയില്‍ ഏത് സിനിമയുടെ അപ്‌ഡേറ്റ് ആണ് നാളെ വരാനിരിക്കുന്നത് എന്ന ചര്‍ച്ചകള്‍ സജീവമായി.

ഇപ്പോഴിതാ എമ്പുരാനെക്കുറിച്ചുള്ള വമ്പന്‍ അപ്‌ഡേറ്റ് നാളെ വൈകുന്നേരം 5 മണിക്ക് വരുമെന്ന് പോസ്റ്റര്‍ പങ്കുവെച്ച്‌കൊണ്ട് അറിയിച്ചിരിക്കുകയാണ്. മോഹന്‍ലാലും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തില്‍ ചോര പുരണ്ടിരിക്കുന്ന ഒരു മോതിരമാണ് കാണാന്‍ സാധിക്കുക. ഇതോടെ നാളെ എത്താനിരിക്കുന്ന ഗംഭീര അപ്ഡേറ്റ് എന്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എമ്പുരാന്‍ ഷൂട്ടിംഗ് ഈ മാസം തുടങ്ങുമെന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ആകുമോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പിന്നാലെ എമ്പുരാന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ് ആരംഭിക്കുകയും ചെയ്തു. ഇതോടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ വലിയ അപ്‌ഡേറ്റ് നാളെ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

മലയാളികള്‍ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിനു കാരണം. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫര്‍’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍. ലൂസിഫറിലേത് പോലെ മഞ്ജു വാരിയര്‍, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. ലൂസിഫറിന്റെ ക്‌ളൈമാക്‌സിനുമപ്പുറം പ്രേക്ഷകരെ ഹരം കൊള്ളിച്ച മരണമാസ്സ് എന്‍ട്രി ആയിരുന്നു ഖുറേഷി അബ്രഹാം ആയുള്ള മോഹന്‍ലാലിന്റെ വരവ്. ഈ കഥാപാത്രത്തിലാകും മോഹന്‍ലാല്‍ രണ്ടാം ഭാഗത്തില്‍ എത്തുക എന്നാണ് വിവരം.

എമ്പുരാന്‍ നിര്‍മ്മിക്കുന്നതിനായി ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫര്‍. 2019ല്‍ ആയിരുന്നു റിലീസ്. അടുത്തിടെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസ് ചെയ്തത്. ഗോഡ് ഫാദര്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.