‘ദശരഥം രണ്ടാം ഭാഗം എന്റെ നഷ്ടം, ഇനി മോഹന്‍ലാലിനെ സമീപിക്കില്ല, എന്നെ ആവശ്യമെങ്കില്‍ ഇങ്ങോട്ട് വരാം’ ; സിബി മലയില്‍
1 min read

‘ദശരഥം രണ്ടാം ഭാഗം എന്റെ നഷ്ടം, ഇനി മോഹന്‍ലാലിനെ സമീപിക്കില്ല, എന്നെ ആവശ്യമെങ്കില്‍ ഇങ്ങോട്ട് വരാം’ ; സിബി മലയില്‍

ലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-സിബി മലയില്‍ ടീം. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോഹന്‍ലാലിന് കരിയറില്‍ വഴിത്തിരിവായ നിരവധി കഥാപാത്രങ്ങള്‍ സിബി മലയില്‍ സിനിമകളിലൂടെ ലഭിച്ചിരുന്നു. ഭരതം, കിരീടം, ഹിസ് ഹൈനസ് അബ്ദുളള, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ദശരഥം, സദയം, കമലദളം തുടങ്ങിയവയെല്ലാം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദശരഥം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രം കൂടിയാണ് ദശരഥത്തിലെ രാജീവ് മേനോന്‍. ഇപ്പോഴിതാ ദശരഥം രണ്ടാം ഭാഗത്തിന് നേരിടേണ്ടിവന്ന തടസങ്ങളെക്കുറിച്ച് സിബി മലയില്‍ തുറന്ന് പറയുകയാണ്.

ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതാണെന്നും നിരവധി പേര്‍ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നുവെന്നും എന്നാല്‍ തനിക്ക് ഒന്നും ഇഷ്ടപ്പെട്ടില്ലെന്നും സബി മലയില്‍ പറുന്നു. പലരും കഥയുമായി മോഹന്‍ലാലിനേയും സമീപിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ചപോലെ തന്നെ ദശരഥത്തിന്റെ തുടര്‍ച്ചയായിരുന്നു ഹേമന്ത് കുമാര്‍ എഴുതിയ കഥ. അതൊരു സാധാരണ സിനിമയുടെ രണ്ടാം ഭാഗം പോലെ അല്ലായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ പിന്തുണ കിട്ടിയില്ല. അത് സംഭവിക്കാതെ പോയത് എന്റെ കരിയറില്‍ തന്നെ നിരാശപ്പെടുത്തിയ കാര്യമാണ്. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. വേണുച്ചേട്ടന് കഥ അറിയാമായിരുന്നുവെന്നും ലാലിനോട് സംസാരിക്കാമെന്ന് പറഞ്ഞിരുന്നവെന്നും സിബി മലയില്‍ പറയുന്നു. ലാലിന് പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതല്ല, ലാലിന് ബോധ്യപ്പെടുക എന്നതാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തില്‍ ഇറക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കഥയുടെ ചുരുക്കം ഞാന്‍ പറഞ്ഞു. 2016 ല്‍ ഹൈദരാബാദില്‍ പോയിട്ടാണ് പറയുന്നത്. എനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താന്‍ ഒരുപാടു കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. അത്തരം കടമ്പകള്‍ കടക്കാന്‍ എനിക്കു താല്‍പര്യമില്ല. ഹൈദരാബാദില്‍ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോള്‍ കൃത്യമായൊരു മറുപടി പറഞ്ഞില്ല. കഥ പൂര്‍ത്തിയായിട്ട് ഇഷ്ടപ്പെട്ടാല്‍ ചെയ്തെന്നു ഞാന്‍ പറഞ്ഞു. ആറു മാസം കൊണ്ട് കഥ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് കഥ പറയാനൊരു അവസരം എനിക്കു കിട്ടിയില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ ലാല്‍ പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. എന്റെ മുന്നില്‍ മുഖം തിരിക്കുന്നവരുടെ അടുത്ത് ഞാന്‍ തിരിച്ച് പോകാറില്ലെന്നും ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോള്‍ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്കതു വിഷയമാണോ എന്നത് എനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.