”എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍” ; സംവിധായകന്‍ ബ്ലെസി പറയുന്നു
1 min read

”എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍” ; സംവിധായകന്‍ ബ്ലെസി പറയുന്നു

ലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ തന്മാത്ര മലയാളികളുടെ ഉള്ളു തൊട്ട ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് തന്മാത്രയിലെ രമേശന്‍ നായര്‍. കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്ന അള്‍ഷിമേഴ്‌സ് ബാധിതനായ കഥാപാത്രമായിരുന്നു അത്. അല്‍ഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെ ഒരുപാട് ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി കഥാപാത്രത്തിന് രൂപം നല്‍കിയത്.

ഇപ്പോഴിതാ തന്മാത്രയില്‍ മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ബ്ലെസിയുടെ പഴയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് ബ്ലെസി പറയുന്നു. കാഴ്ച എന്ന സിനിമ ഒരുക്കുന്നതിന് മുന്നേ തന്മാത്രയുടെ ആശയം തന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. കാഴ്ച്ച റിലീസ് ചെയ്തതിന് ശേഷമാണ് തന്മാത്രയുടെ കഥ മോഹന്‍ലാലിനോട് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ആദ്യം വായിച്ചത് നിര്‍മാതാവും സുഹൃത്തുക്കളുമായിരുന്നു. അതില്‍ മോഹന്‍ലാലനെ ഇന്‍ഡ്രഡ്യൂസ് ചെയ്യുന്നതെല്ലാം കണ്ട് അവരെല്ലാം പിന്‍വാങ്ങി പോയെന്നും ബ്ലെസി പറയുന്നു.

നരന്റെ ലൊക്കേഷനിലാണ് തന്മാത്രയുടെ കഥ മോഹന്‍ലാല്‍ വായിക്കുന്നത്. നിര്‍മാതാവും സുഹൃത്തുക്കളും പറഞ്ഞത് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു. കഥ മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ നിര്‍മാതാവിനെ വിളിച്ച് പറഞ്ഞു. ‘ഇതില്‍ നിന്ന് ഒരക്ഷരം മാറ്റിയെഴുതിയാല്‍ ഞാനീ സിനിമയില്‍ അഭിനയിക്കുകയില്ലെന്നായിരുന്നു പറഞ്ഞത്. എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞുകാണാന്‍ കഴിയുന്ന നടനാണ് ലാലേട്ടനെന്ന് അന്നെനിക്ക് ബോധ്യമായി. എഴുത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കാനുള്ള അവബോധം മോഹന്‍ലാലിനുണ്ടെന്നും ബ്ലെസി പറയുന്നു.

അള്‍ഷിമേഴ്സ് രോഗം ബാധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാതെ എന്തെങ്കിലും ചെയ്യുന്ന ആളായിരിക്കും. അങ്ങനെയൊരു എക്സ്പ്രഷനാണ് ആ കഥാപാത്രത്തില്‍ നിന്ന് ഉണ്ടാകേണ്ടത്. അതൊരു ആക്ടറെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. എന്നാല്‍ മോഹന്‍ലാലിന്റെ സൂക്ഷ്മാഭിനയത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് തന്മാത്രയിലെ രമേശന്‍ നായരായി അദ്ദേഹം അഭിനയിച്ചതെന്നും ബ്ലെസി വ്യക്തമാക്കുന്നു.