‘കൊട്ട മധു’വായി പൃഥ്വിയുടെ പരകായപ്രവേശം ; ‘കാപ്പ’യിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
1 min read

‘കൊട്ട മധു’വായി പൃഥ്വിയുടെ പരകായപ്രവേശം ; ‘കാപ്പ’യിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് കടുവയില്‍ എത്തിയത്. ബോക്‌സ്ഓഫീസില്‍ മികച്ച വിജയമാണ് കടുവ നേടിയിരിക്കുന്നത്. 50 കോടി ക്ലബ്ബില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. ചിത്രത്തിന്റെ ഫോട്ടോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയിരുന്നു.

ഇപ്പോഴിതാ കാപ്പയുടെ പുതിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് എത്തിയിരിക്കുകയാണ്. ചിത്ര പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡികളില്‍ വൈറലായിരിക്കുകയാണ്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മധു കൊട്ട മധു ആകുന്നതിന് മുമ്പ് എന്ന് ക്യാപ്ഷന്‍ എഴുതിയാണ് പൃഥ്വിരാജ് ഈ ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സ്വിച്ച് ഓണ്‍ കര്‍മത്തോടെ സിനിമയുടെ ഔദ്യോഗിക ലോഞ്ച് ആരംഭിച്ചത്. പൃഥ്വിരാജ്, ആസിഫ് അലി, എകെ സാജന്‍, ജിനു വി എബ്രഹാം എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ അടുത്ത ആഴ്ച ജോയിന്‍ ചെയ്യും. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ ഗുണ്ടാ ഗ്യാങ്ങുകളുടെ പശ്ചാത്തലത്തിലാണ് കാപ്പ കഥ പറയുന്നത്. നീതിയല്ല, നിയമമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ ആണ് നിര്‍വഹിക്കുന്നത്. ഫെഫ്ക യൂണിയന്റെ സഹകരണത്തോടെ തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംങ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദാണ്. ചിത്രത്തിനായി പൃഥ്വിരാജ് നല്‍കിയത് 60 ദിവസത്തെ കാള്‍ ഷീറ്റാണ്. ചിത്രത്തിനായി സിനിമാപ്രേമികള്‍ വലിയ ആകാഷയോടെയാണ് കാത്തിരിക്കുന്നത്.