നജീബിന് വേണ്ടി ആദ്യം സമീപിച്ചത് സൂര്യയെയും വിക്രമിനെയും; ആടുജീവിതത്തിൽ പൃഥ്വിയ്ക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ബ്ലസി
1 min read

നജീബിന് വേണ്ടി ആദ്യം സമീപിച്ചത് സൂര്യയെയും വിക്രമിനെയും; ആടുജീവിതത്തിൽ പൃഥ്വിയ്ക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ബ്ലസി

നീണ്ട പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയമാണ് ആടുജീവിതം എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ കേരളത്തിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ് ഈ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയായിരുന്നു ആട്ജീവിതം എന്ന നോവൽ ബെന്യാമിൻ എഴുതിയത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് നജീബ്. കഥാപാത്രത്തിനായി പൃഥ്വിരാജ് നടത്തിയ ബോഡി ട്രാൻസ്ഫോമേഷൻ ആടുജീവിതം റിലീസിന് പിന്നാലെ വലിയ ചർച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് വിക്രമിനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ശങ്കർ ചിത്രത്തിലേക്ക് വലിയ ഷെഡ്യൂൾ ആവശ്യമായി വന്നതിനാലാണ് വിക്രം പിന്മാറിയാതെന്നും ബ്ലെസ്സി പറയുന്നു. “ആദ്യം ആടുജീവിതത്തിന്റെ കഥ പറഞ്ഞത് വിക്രമിനോട് ആയിരുന്നു. ആടുജീവിതം ചെയ്യാൻ വലിയ ആ​ഗ്രഹം ഉണ്ടായിരുന്നു വിക്രമിന്. പക്ഷേ ലോങ് ഷെഡ്യൂൾ കാരണം അദ്ദേഹത്തിന് ചെയ്യാൻ സാധിച്ചില്ല. ശങ്കർ പടത്തിന് വേണ്ടി വലിയൊരു ഷെഡ്യൂൾ അദ്ദേഹം മാറ്റിവച്ചിരുന്നു.

സൂര്യയോടും ആടുജീവിതം കഥ പറഞ്ഞിരുന്നു. ശാരീരികമായി ഒത്തിരി തയ്യാറെടുപ്പുകൾ വേണമെന്നും പറഞ്ഞു.എന്നാൽ ശാരീരികമായി മാറ്റങ്ങൾ വരുത്താൻ സൂര്യയ്ക്ക് അന്ന് കഴിയില്ലായിരുന്നു. വാരണം ആയിരം സിനിമയ്ക്ക് വേണ്ടി ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയം കൂടി ആയിരുന്നു അത്. അങ്ങനെയാണ് പൃഥ്വിരാജിലേക്ക് എത്തുന്നത്.” – ബ്ലസി വ്യക്തമാക്കി. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.