സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രത്തെയും പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം
1 min read

സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രത്തെയും പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം

ലയാളത്തിലെ യുവസംവിധായകനായ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം തമിഴ്നാട്ടിൽ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ‘സിങ്കം 2’വിന്റെ കളക്ഷൻ റെക്കോർഡ് വരെ മറികടന്നു ഈ ചിത്രം. 61 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നു മാത്രമായി മഞ്ഞുമ്മൽ ബോയ്സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്നാട്ടിലെ ലൈഫ്ടൈം കളക്ഷൻ 60 കോടി രൂപയാണ്.

ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ കൂടിയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ തമിഴിൽ ഈ വർഷം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രം ‘അയലാൻ’ ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങളുടെ കളക്ഷനും മഞ്ഞുമ്മൽ ബോയ്സ് ഇതോടുകൂടി മറികടന്നു. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം പല തിയേറ്ററുകളിലും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് മുന്നേറുന്നത്.

200 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. 2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.