ആരാധകരെ ഞെട്ടിക്കാൻ വീണ്ടും അല്ലു അർജുൻ; പുഷ്പ 2ന്റെ ടീസർ ഏപ്രിൽ എട്ടിന് എത്തും
1 min read

ആരാധകരെ ഞെട്ടിക്കാൻ വീണ്ടും അല്ലു അർജുൻ; പുഷ്പ 2ന്റെ ടീസർ ഏപ്രിൽ എട്ടിന് എത്തും

ല്ലു അർജുൻ ആരാധകർ ഏറെ ആവേശത്തോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തന്റെ കരിയറിൽ ഇത് വരെ അവതരിപ്പിച്ചതിൽ നിന്നും വലിയ മാറ്റത്തോടെയായിരുന്നു അല്ലു അർജുൻ പുഷ്പയുടെ ആദ്യ ഭാ​ഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകരെ ചെറുതായൊന്നുമല്ല ആവേശം കൊളളിച്ചത്. മാത്രമല്ല ഈയൊരൊറ്റ ചിത്രത്തിലൂടെ താത്തിനുള്ള പ്രേക്ഷക പിന്തുണ വർധിക്കുകയും ചെയ്തു.

ഇപ്പോൾ ‘പുഷ്പ 2; ദ റൂളി’ന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ടീസർ റിലീസ് ചെയ്യുമെന്ന് സംവിധായകൻ സുകുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ് 15ന് പുഷ്പ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.

2021ൽ പുറത്തിറങ്ങിയ പാൻ- ഇന്ത്യൻ ചിത്രം ‘പുഷ്പ ; ദ റൈസ്’ ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ 2; ദ റൂൾ’. ചന്ദനക്കടത്തുകാരൻ പുഷ്പരാജായി വന്ന അല്ലു അർജുന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. റെക്കോർഡ് കലക്ഷനും ചിത്രം സ്വന്തമാക്കി. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലാനായി എത്തിയത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായിക.

രണ്ടാം ഭാഗമായ ‘പുഷ്പ 2’ന്റെ ഗ്ലിംപ്സ് വീഡിയോ കഴിഞ്ഞ വർഷം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. യുട്യൂബിലെ സകല റെക്കോർഡും തകർത്ത് മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിച്ചത്. സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേസും ചേർന്നാണ് പുഷ്പ 2 നിർമിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ പാട്ടുകളൊരുക്കുന്നത്.