ഒടിടി റിലീസിന് പിന്നാലെ ഗൂഗിൾ സെർച്ചിൽ ട്രെൻഡിങായി ‘ഭീഷ്മ പർവ്വം’ ; ഡിസ്‌നി + ഹോട്സ്റ്റാറിലും മൈക്കിളപ്പൻ തരംഗമാകുന്നു
1 min read

ഒടിടി റിലീസിന് പിന്നാലെ ഗൂഗിൾ സെർച്ചിൽ ട്രെൻഡിങായി ‘ഭീഷ്മ പർവ്വം’ ; ഡിസ്‌നി + ഹോട്സ്റ്റാറിലും മൈക്കിളപ്പൻ തരംഗമാകുന്നു

മ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം വലിയ വിജയമാണ് നേടികൊണ്ടിരിക്കുന്നത്.  തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച ശേഷമെത്തിയ ഈ ചിത്രം തിയേറ്ററുകള്‍ക്കും വലിയ നേട്ടമാണ് സമ്മാനിച്ചത്. തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്.

ഇന്നലെയായിരുന്നു ഭീഷ്മ പര്‍വ്വം ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ എത്തിയത്. ബിഗ് ബിയ്ക്ക് ശേഷം പതിനഞ്ച് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീപ് പോത്തന്‍, ലെന, മാലാ പാര്‍വ്വതി, സൃന്ദ തുടങ്ങി വലിയ താരവൃന്ദം തന്നെ ഭീഷ്മപര്‍വ്വത്തില്‍ അണിനിരന്നിരുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ പ്രശംസിക്കപ്പെടുയും ചെയ്തു.

ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ ഗൂഗിളിന്റെ ഇടം പിടിച്ചിരിക്കുകയാണ് ഭീഷ്മ പര്‍വ്വം എന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ വെള്ളിയാഴ്ച ഗൂഗിളിലെ ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ അഞ്ചാം സ്ഥാനത്താണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. ഹിന്ദി സിനിമയായ അറ്റാക്ക്, സൗത്ത് ആഫ്രിക്ക ബംഗ്ലാദേശ് മാച്ച്, മറാത്തി കൊങ്കണി ഹിന്ദു ഉത്സവമായ ഗുഡി പഡ്വാ, ഇന്ത്യന്‍ ക്രിക്കറ്ററായ പ്രവീണ്‍ ടാംമ്പേ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.

ഏപ്രില്‍ ഒന്ന് അര്‍ധരാത്രി മുതലാണ് ഭീഷ്മ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിച്ചത്. ഇതിന് പിന്നാലെ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എല്ലാം വീണ്ടും ഭീഷ്മ പര്‍വ്വം തംരഗമായികൊണ്ടിരിക്കുകയാണ്. മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം ലോകമെമ്പാടുനിന്നും ആകെ 115 കോടി കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ച്ചയില്‍തന്നെ 50 കോടി ക്ലബില്‍ ഭീഷ്മ ഇടം നേടിയിരുന്നു. കോവിഡ് മഹാമാരിയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം.

ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ടായിരുന്നു. ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗായ ‘ചാമ്പിക്കോ’ ഉള്‍പ്പെട്ട ഫോട്ടോ ട്രെന്‍ഡ് ഇനിയും അവസാനിച്ചിട്ടില്ല. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.