“ത്രില്ലർ സിനിമയാണ്.. കൂടുതൽ പറയുന്നില്ല..” ; ‘കെട്ട്യോളാണെന്റെ മാലാഖ സംവിധായകൻ’ നിസാം ബഷീറും, മെഗാസ്റ്റാർ മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുമ്പോൾ
1 min read

“ത്രില്ലർ സിനിമയാണ്.. കൂടുതൽ പറയുന്നില്ല..” ; ‘കെട്ട്യോളാണെന്റെ മാലാഖ സംവിധായകൻ’ നിസാം ബഷീറും, മെഗാസ്റ്റാർ മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുമ്പോൾ

മെഗാസ്റ്റാർ മമ്മൂട്ടിയും യുവ സംവിധായകൻ നിസാം ബഷീറും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ഷൂട്ടിങ്ങുമായി സഹകരിക്കുന്നതിനായി ഏപ്രിൽ – 3 നാണ് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുക. ‘കെട്ട്യോളാണെൻ്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി തീർന്ന സംവിധായകനാണ് നിസാം ബഷീർ. മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ‘കെട്ട്യോളാണെൻ്റെ മാലാഖ’. മമ്മൂട്ടിയും, നിസാം ബഷീറും ഒരു ചിത്രത്തിലൂടെ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുക വളരെ മികച്ച ഔട്ട് പുട്ട് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആസ്വാദകർ. സിനിമയുടെ ഷൂട്ടിങ്ങ് മാർച്ച് – 25 ന് ചാലക്കുടിയിൽ വെച്ച് ആരംഭിക്കുമെന്നായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നത്. ചിത്രത്തിൻ്റെ പ്രധാന ഷൂട്ടിങ്ങ് ലൊക്കേഷനുകൾ തൃശൂരും,എറണാകുളവുമാണ്. സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടി തന്നെയാണ്. ചിത്രത്തിൻ്റെ കോ – പ്രൊഡ്യൂസർ എൻ .എം ബാദുഷയാണ്.

ജഗദീഷ് , ഷറഫുദ്ധീൻ , കോട്ടയം നസീർ , സഞ്ജു ശിവറാം , ഗ്രേസ് ആന്റണി , ബിന്ദു പണിക്കർ , എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൻ്റെ ഛായഗ്രഹകൻ ആനന്ദ് കൃഷ്ണനാണ്. സിനിമയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വരാൻ ഇരിക്കുന്നതേയുള്ളു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടൻ , ഇബിലീസ് തുടങ്ങി നിരവധി സിനിമകൾക്കായി തിരക്കഥ എഴുതിയ സമീർ അബ്‌ദുള്ളയാണ് ഈ ചിത്രത്തിൻ്റെയും കഥ എഴുതുന്നത്. ത്രില്ലർ മാതൃകയിലുള്ള ചിത്രമെന്നതാണ് സിനിമയെക്കുറിച്ച് ലഭിക്കുന്ന സൂചനകൾ. മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളം ചിത്രം വേറിട്ടൊരു അനുഭൂതി സമ്മാനിക്കുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. മമ്മൂക്കയുടെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് സംവിധായകൻ നിസാം ബഷീർ പറയുന്നത്. അതേസമയം സിനിമയുടെ കഥയെയും, കഥാപാത്രങ്ങളെയും കുറിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്താനാ കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ മമ്മൂയ്ക്ക് ഇഷ്ടപെട്ട പ്രൊജക്റ്റായിരുന്നു ഇതെന്നും നിസാം ബഷീർ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ വരും ദിവസങ്ങളിൽ റിലീസാവാനിരിക്കുകയാണ്. ഭീഷ്മപർവ്വം തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ചിത്രം ഇന്ന് ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തു. മികച്ച പ്രതികരണവും, പിന്തുണയുമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ‘ നൻപകൽ നേരത്ത് മയക്കം’, രതീന സംവിധനം ചെയ്യുന്ന ‘പുഴു’ എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. സിബിഐ – 5 ഉൾപ്പടെ റിലീസ് ആവാനിരിക്കുമ്പോൾ മെഗാസ്റ്റാർ തിരക്കിലാണെന്നും, നിലവിൽ മമ്മൂക്ക CBI ഡബ്ബിങ് വർക്കുകളുടെ പിന്നിലാണെന്നുമാണ് നിസാം ബഷീർ പറയുന്നത്.