‘കരഞ്ഞാല്‍ പ്രഡിക്റ്റബിള്‍ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കരയാമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ ആയിരുന്നു’ ; ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു
1 min read

‘കരഞ്ഞാല്‍ പ്രഡിക്റ്റബിള്‍ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കരയാമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ ആയിരുന്നു’ ; ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു

ലയാളത്തിന്റെ നടനവിസ്മയം, ദ കംപ്ലീറ്റ് ആക്ടര്‍, ആരാധകരുടെ ഏട്ടന്‍ അങ്ങനെ വിശേഷണങ്ങളേറെയുണ്ട് മോഹന്‍ലാലിന്. മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും എത്ര പറഞ്ഞാലും തീരില്ല. ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായാണ് മോഹന്‍ലാല്‍ ആദ്യമായി സ്‌ക്രീനില്‍ മുഖം കാണിച്ചത്. അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയ പല സന്ദര്‍ഭങ്ങളും പല സംവിധായകരും പറഞ്ഞിട്ടുണ്ട്. അത്വരെ ചിരിച്ച് കളിച്ച് നിന്ന ആള്‍ കഥാപാത്രമായി മാറുന്നത് കണ്ട സഹതാരങ്ങളും ഏറെയാണ്. ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ വില്ലന്‍ എന്ന ചിത്രം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഒരു റിയാക്ഷന്‍ സോഷ്യല്‍ മീഡിയകളിലെല്ലാം വളരെ വൈറലായിരുന്നു. ആ റിയാക്ഷന്‍ മോഹന്‍ലാല്‍ തന്നെ പറഞ്ഞ് ചെയ്തതാണെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

മഞ്ജുവിന്റെ ദയാവധത്തിന്റെ ആ ചിത്രത്തിലെ ഒരു ഹൈപോയിന്റാണ്. ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്റെ ഉള്ളില്‍ ആ സിന്‍ ഇങ്ങനെയാവണം എന്നുള്ളത് ഉണ്ടായിരുന്നെങ്കിലും അത് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ആ ഷോട്ടില്‍ മോഹന്‍ലാല്‍ ചോദിച്ചു ഞാന്‍ ചിരിക്കണോ എന്ന്, അപ്പോള്‍ ഞാന്‍ പറഞ്ഞു വേണ്ട. അപ്പോള്‍ ലാല്‍ പറഞ്ഞു കരയുന്നത് പ്രഡിക്റ്റബിള്‍ ആയിരിക്കും. അതുകൊണ്ട് ചിരിച്ചുകൊണ്ട് കരയാം എന്ന് ലാല്‍ തന്നോട് പറയുകയും ആ സീന്‍ ഷൂട്ട് ചെയ്യുകയുമായിരുന്നു. അദ്ദേഹം അത് കഴിഞ്ഞതിന് ശേഷം സാധാരണ ഗതിയില്‍ പോയി. അദ്ദേഹത്തിന് അതെല്ലാം നിസ്സാരമായിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

തെലുങ്കിലെ ഒരു സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് നടനോട് തന്നെ പരാതി പറഞ്ഞിരുന്നുവെന്നും ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ആ സംവിധായകനെ ഏറെ ഞെട്ടിച്ചുവെന്നും ബി ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലെ മോഹന്‍ലാല്‍ മാജിക്ക് എങ്ങനെ ജനിക്കുന്നുവെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കവേയായിരുന്നു ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. തെലുങ്കിലെ പ്രമുഖ സംവിധായകനായ കൊരട്ടാല ശിവ ഒരിക്കല്‍ ലാല്‍ സാറിനോട് ചോദിച്ചു, ഞാന്‍ ആക്ഷന്‍ പറഞ്ഞ് കുറച്ചുകഴിയുമ്പോഴാണ് സാര്‍ ഡയലോഗ് പറയുന്നത്. പെട്ടെന്ന് പറഞ്ഞാല്‍ നന്നായിരുന്നുവെന്ന്. മോഹന്‍ലാല്‍ ശരി എന്ന് സമ്മതിക്കുകയും ചെയ്തു.

ഷോട്ട് എടുത്തതിന് ശേഷം മോഹന്‍ലാല്‍ ശിവയെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, നിങ്ങള്‍ ആക്ഷന്‍ പറയുമ്പോള്‍ ഡയലോഗിന് മുമ്പ് ഞാന്‍ എടുക്കുന്ന സമയവും, ഡയലോഗ് പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടി തരികയാണെങ്കില്‍ അവിടെയാണ് എനിക്ക് അഭിനയിക്കാന്‍ പറ്റുള്ളൂ. ആ സൈലന്റ്‌സിലാണ് എനിക്ക് എന്തെങ്കിലും അഭിനയിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മോഹന്‍ലാല്‍ അദ്ദേഹത്തോട് പറഞ്ഞു.
ശിവയ്ക്ക് അത് ഭയങ്കര ഷോക്ക് ആയിരുന്നു. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ ലേണിംഗ് അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് തന്നോട് പറഞ്ഞതെന്നും ഗ്രാന്റ് മാസ്റ്ററിലും വില്ലനിലുമൊക്കെ നമുക്കിത് കാണാന്‍ സാധിക്കും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.