‘ലാല്‍ ജോസ് സാര്‍ പറഞ്ഞു ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്’ ; അന്ന രേഷ്മ രാജന്‍
1 min read

‘ലാല്‍ ജോസ് സാര്‍ പറഞ്ഞു ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്’ ; അന്ന രേഷ്മ രാജന്‍

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജന്‍. 2017 ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ സിനിമയിലെ ‘ലിച്ചി’ എന്ന കഥാപാത്രത്തെ ആണ് അന്ന അവതരിപ്പിച്ചത്. ഇപ്പോഴും ആളുകള്‍ക്കിടയില്‍ ലിച്ചി എന്ന പേരില്‍ ആണ് അന്ന അറിയപ്പെടുന്നത്.

തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലും അന്ന പ്രേക്ഷക ശ്രദ്ധേനേടി. പിന്നീട് താരം ‘ലോനപ്പന്റെ മാമോദീസ’, മധുര രാജ’, ‘സച്ചിന്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അന്ന ഏറ്റവും അവസാനം അഭിനയിച്ചത് ‘അയ്യപ്പനും കോശിയും’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ്.

കൊച്ചിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നഅന്ന, അപ്രതീക്ഷിത മായിട്ടായിരുന്നു സിനിമാ മേഖലയിലേക്ക് വന്നത്. ഒരു പരസ്യത്തിന്റെ പോസ്റ്റര്‍ കണ്ട് ലിജോ ജോസ് പെല്ലിശ്ശേരി അന്നയെ അങ്കമാലി ഡയറീസിലേക്ക് വിളിക്കുകയായിരുന്നു.

ഇപ്പോഴിതാ, നടന്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തോടൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ചും സംസാരിക്കുകയാണ് അന്ന. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വെളിപാടിന്റെ പുസ്തകം’. അതില്‍ അഭിനയിക്കാനായിരുന്നു അന്നയ്ക്ക് ഓഫര്‍ ലഭിച്ചിരുന്നത്. ലാലേട്ടന്റെ കൂടെയാണ് അഭിനയിക്കേണ്ടതെന്ന് പറഞ്ഞപ്പോള്‍ ശരിക്കും താന്‍ എക്‌സൈറ്റഡായി എന്നാണ് താരം പറയുന്നത്.

ആദ്യമായി ലാലേട്ടനെ കണ്ടപ്പോള്‍ ആ ആവേശത്തില്‍ സെറ്റില്‍ വെച്ച് ഡയലോഗ് മറന്നുപോയെന്നും അന്ന വെളിപ്പെടുത്തി. മാത്രമല്ല, ലാല്‍ ജോസ് നല്‍കിയ ഉപദേശത്തെ കുറിച്ചും അന്ന തുറന്നു പറഞ്ഞു. ‘ലാലേട്ടന്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷന്‍ പറഞ്ഞാല്‍ പെട്ടെന്ന് കഥാപാത്രമാകും. അങ്ങനെ ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഞാന്‍ എക്‌സൈറ്റ്‌മെന്റില്‍ വാ പൊളിച്ച് ഇരിക്കുകയായിരുന്നു. ഡയലോഗ് പറയാന്‍ പറഞ്ഞ് ലാലേട്ടന്‍ വരെ എക്പ്രഷന്‍ ഇട്ടു. പക്ഷെ ഞാന്‍ മറന്നു പോയി. അന്ന കൂട്ടിച്ചേര്‍ത്തു. അതിന് ശേഷം എന്നോട് ലാല്‍ ജോസ് സാര്‍ പറഞ്ഞു, ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്. ലാലേട്ടന്‍ ചിരിച്ചു കൊണ്ട് വര്‍ത്താനം പറഞ്ഞിരിക്കുകയായെങ്കിലും ആക്ഷന്‍ പറഞ്ഞാല്‍ കരയേണ്ട സീന്‍ ആണെങ്കില്‍ കരയും. നമ്മുക്ക് എക്‌സ്പ്രഷന്‍ മാറുമ്പോഴേക്കും ലാലേട്ടന്‍ അഭിനയിച്ചു തുടങ്ങിയിട്ടുണ്ടാവും,’ അന്ന പറഞ്ഞു.