‘നേര് മലയാളികളുടെ സദാചാര ആ​ഗ്രഹങ്ങൾക്ക് പുറത്താണ്’; പ്രിയപ്പെട്ട മോഹൻലാലിനും അനശ്വര രാജനും അഭിവാദ്യങ്ങൾ
1 min read

‘നേര് മലയാളികളുടെ സദാചാര ആ​ഗ്രഹങ്ങൾക്ക് പുറത്താണ്’; പ്രിയപ്പെട്ട മോഹൻലാലിനും അനശ്വര രാജനും അഭിവാദ്യങ്ങൾ

നേര് വല്ലാത്തൊരു സിനിമയാണ്, തിയേറ്ററിൽ നിന്നിറങ്ങി നേരത്തോട് നേരം എത്തിയിട്ടും കഥാപാത്രങ്ങളും കഥയും ഹൃദയത്തിൽ നിന്നിറങ്ങിപ്പോകുന്നില്ല. മോഹൻലാൽ ​ഗംഭീര തിരിച്ച് വരവ് നടത്തി അസാധ്യ പെർഫോമൻസ് നടത്തിയ സിനിമയാണെങ്കിലും ഇതൊരു അനശ്വര രാജൻ ചിത്രം കൂടിയാണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല.

കാരണം അവർ അത്രയ്ക്കും മിടുക്കോടെയാണ് സ്ക്രീനിന് മുന്നിലെത്തിയത്. ഒരൊറ്റ സീനിൽ പോലും ഏറിയും കുറഞ്ഞും കാണപ്പെട്ടില്ല. ഇരയായും സെക്കന്റുകൾക്കിടയിലെങ്കിലും അതിജീവിതയായും അവർ തകർത്തഭിനയച്ചു. അവർക്കൊപ്പം ആ നേർത്ത ഭം​ഗിയുള്ള വിരലുകളും ഭം​ഗിയായി അഭിനയിച്ചു. അവസാന രം​ഗങ്ങളിലൊന്നിൽ മോഹൻലാലിന്റെ മുഖത്ത് തൊട്ട് നോക്കുന്ന സീൻ ഹൃദയ്സ്പർശിയും മനോഹരവുമായിരുന്നു.

കഥ സഞ്ചരിക്കുന്നത് അനശ്വരയുടെ കഥാപാത്രത്തെ ചുറ്റികറങ്ങിയാണ്. നമ്മളിൽ ഒരാളായിട്ട് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളിൽ ഒന്നായിട്ടാണ് അനശ്വരയുടെ കഥാപാത്ര സൃഷ്ടി. പ്രതിയാരാണെന്ന് പകൽ പോലെ വ്യക്തമായിട്ടും കോടതികളിൽ നിന്ന് അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ ഊരിപോന്നവരെ ഓർത്ത് നാളിതുവരെ പ്രേക്ഷകർ ഓരോരുത്തരും അമർഷം കൊണ്ട് കാണണം.

അതേ അമർഷത്തോടെയാണ് ഈ കോർട് റൂം ഡ്രാമ കണ്ട് തീർക്കാനാകു. ഇതിനിടെ ജ​ഗദീഷ്, മോഹൻലാൽ, അനശ്വര എന്നിവർ അഭിനയിച്ച കഥാപാത്രങ്ങളുടെ നിസ്സഹാതയും വൈകാരിക വിക്ഷോഭങ്ങളെല്ലാം അതേ പോലെ പ്രേക്ഷകനിലേക്കും പ്രസരിക്കുന്നുണ്ട്. ഇരയായ സ്ത്രീകളെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന പൊതുബോധ മാനസികാവസ്ഥയെയെല്ലാം സിനിമയിൽ വലിച്ച് കീറുന്നുണ്ട്.

സിനിമയുടെ അവസാന സിനിലുള്ള രാഷ്ട്രീയം ശക്തമാണ്. അത് വിദൂര സാധ്യതയാണെങ്കിലും അങ്ങനെയൊരു കോരിത്തരിപ്പിക്കുന്ന രം​ഗം പ്രേക്ഷകന് സമ്മാനിച്ച ജീത്തു ജോസഫിന് നന്ദി പറയാതിരിക്കാനാവില്ല. സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികളുള്ളവരെങ്കിലും അത് യാഥാർത്ഥ്യമാകാൻ ഉള്ളിന്റെയുള്ളിൽ ആ​ഗ്രഹിക്കുന്നുണ്ടാകാം.