‘ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, ആ ചീത്തപ്പേരാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്’: സിദ്ധിഖ്
1 min read

‘ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, ആ ചീത്തപ്പേരാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്’: സിദ്ധിഖ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘നേര്’ എന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിൽ അഡ്വ.ജയശങ്കർ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തിൽ നടൻ സിദ്ധിഖും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ സക്സസ് സെലിബ്രേഷനിൽ തന്‍റെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം.

”ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, പക്ഷേ ആ ചീത്തപ്പേരാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്. തിയേറ്ററിൽ കണ്ടിറങ്ങുന്നവർ രണ്ടെണ്ണം പൊട്ടിച്ചുപോകുന്ന വേഷമാണ്. ഇത്രയും ക്രൂരമാകുമെന്ന് വിചാരിച്ചില്ല. ആ കഥാപാത്രം തിയേറ്ററിൽ ഉണ്ടാക്കിയ ഇമ്പാക്ട് വലുതാണ്. ഇതിൽ ലാലിന്‍റെ കഥാപാത്രത്തിന് ഇടിക്കാനോ ഒന്നും എന്നെ വിട്ടുകൊടുത്തിട്ടില്ല. ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും എന്നെ വെറുതെ വിട്ടു. നേരിന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതയിൽ ഏറെ സന്തോഷമുണ്ട്”, സിദ്ധിഖ് പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ‘നേര്’ എന്ന സിനിമ മികച്ച പ്രേക്ഷക പ്രീതിയോടെ ബോക്സോഫീസിൽ വൻ വിജയമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 8.29 കോടി രൂപയാണ് ചിത്രം കേരള ബോക്സോഫീസ് കളക്ഷൻ നേടിയിരിക്കുന്നത്. ആദ്യ ദിനം 3.04 കോടിയും രണ്ടാം ദിനം 2.13 കോടിയും മൂന്നാം ദിനം 3.12 കോടിയുമാണ് നേര് കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്.