അമ്മാളു അമ്മയെ നെഞ്ചോട് ചേര്‍ത്തും കുശലം പറഞ്ഞും മെഗാസ്റ്റാര്‍
1 min read

അമ്മാളു അമ്മയെ നെഞ്ചോട് ചേര്‍ത്തും കുശലം പറഞ്ഞും മെഗാസ്റ്റാര്‍

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവര്‍ വളരെ വിരളമാണ്. അകലെ നിന്നെങ്കിലും അവരെ ഒന്ന് കണ്ടാല്‍ മതിയെന്നാണ് ഭൂരിഭാഗം ഫാൻസും ചിന്തിക്കാറുള്ളത്. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ക്ക്. അത്തരത്തില്‍ താരങ്ങളെ നേരിട്ട് കണ്ടതും താരങ്ങള്‍ ചെന്ന് കണ്ടതുമായ ആരാധക വീഡിയോകള്‍ മുന്‍പ് പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. വീഡിയോകളെല്ലാം വൈറലുമാവാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയത്.

ഏതാനും നാളുകള്‍ക്ക് മുന്‍പ് അമ്മാളു അമ്മ, മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം ചില ചാനലുകാരോട് പറഞ്ഞിരുന്നു. ഇത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വീ‍ഡിയോ വഴിയും സുഹൃത്തുക്കളും പറഞ്ഞ് മമ്മൂട്ടി ഇക്കാര്യം അറിയുകയും അമ്മാളു അമ്മയെ നേരില്‍ കാണാന്‍ സമയം കണ്ടെത്തുകയും ആയിരുന്നു. ടര്‍ബോ സെറ്റില്‍ ആയിരുന്നു അമ്മാളു എത്തിയത്. കാറില്‍ എത്തിയ അമ്മയെ മമ്മൂട്ടി സ്വീകരിച്ച് നെഞ്ചോട് ചേര്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പം മമ്മൂട്ടിയുടെ പോസ്റ്ററുകള്‍ ഒരു കവറിലാണ് അമ്മാളു അമ്മ സൂക്ഷിച്ചത്. അതും അദ്ദേഹത്തെ കാണിക്കുന്നുണ്ട്.

https://www.facebook.com/share/v/eTU6J5q2V5QBARPt/?mibextid=oFDknk

ഇതിന്‍റെ വീഡിയോ ഇപ്പോള്‍ രമേഷ് പിഷാരടി പങ്കുവച്ചിരിക്കുകയാണ്. വുമണ്‍സ് ഡേയോട് അനുബന്ധിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നടി സീമ ജി നായര്‍ ആണ് അമ്മാളു അമ്മയെ നടന്‍റെ അടുത്തെത്തിച്ചത്. അമ്മാളു അമ്മയോട് ഒത്തിരി നേരം കുശലം പറഞ്ഞ മെഗാസ്റ്റാര്‍ സമ്മാനവും നല്‍കിയാണ് തിരിയെ അവരെ യാത്ര അയച്ചത്. “പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ചില സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു.നമ്മുടെ മമ്മുക്കയെ നേരിൽ ഒന്ന് കാണണം. സീമ ചേച്ചി Seema G Nair nആണ് ഈ വിഷയം വീണ്ടും നിർബന്ധപൂർവം അറിയിച്ചത്. സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ്‌ സീമ ചേച്ചി. അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം. അത് സംഭവിച്ചു. കയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല..Happy women’s day”,എന്നാണ് വീഡിയോയ്ക്ക് ഒപ്പം രമേഷ് പിഷാരടി കുറിച്ചത്.