“മോദിയെ ഓര്‍ത്ത് അംബേദ്കര്‍ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും ; ഇരുവരും തമ്മില്‍ ശ്രദ്ധേയമായ സാമ്യതയുണ്ടെന്ന വിചിത്ര പ്രസ്‌താവനയുമായി ഇളയരാജ
1 min read

“മോദിയെ ഓര്‍ത്ത് അംബേദ്കര്‍ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും ; ഇരുവരും തമ്മില്‍ ശ്രദ്ധേയമായ സാമ്യതയുണ്ടെന്ന വിചിത്ര പ്രസ്‌താവനയുമായി ഇളയരാജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആര്‍. അംബേദ്കറും തമ്മില്‍ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും തമ്മിൽ താരതമ്യം ചെയ്‌തിരിക്കുന്നത്‌. സമൂഹത്തിലെ പാർശ്വവൽക്കരിപ്പെട്ട വരിൽ നിന്ന് പ്രതിസന്ധികളോടും, പ്രയാസങ്ങളൊടും പോരാട്ടം നടത്തി വിജയിച്ചു വന്ന വ്യകതികളാണ് മോദിയും, അംബേദകറും എന്ന് അദ്ദേഹം അവകാശപ്പെട്ടു.

അടിച്ചമർത്തലുകളും, സാമൂഹ്യവ്യവസ്ഥയും പട്ടിണിയും ഇരുവരും അനുഭവിച്ചിട്ടുണ്ടെന്നും, ഇവയെ സമൂഹത്തിൽ നിന്ന് നിർമ്മാജ്ജനം ചെയ്യാൻ ഇരുവരും പ്രവർത്തിച്ചിട്ടുണ്ടെന്നും ഇളയരാജ കൂട്ടിച്ചേർത്തു.  ഇന്ത്യയ്ക്ക് വേണ്ടി സ്വപ്നം കണ്ടവരാണ് മോദിയും, അംബേദ്ക്കറെന്നും രണ്ടുപേരും തങ്ങളുടെ പ്രായോഗികതയിലും പ്രവൃത്തിയിലും ശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ വ്യക്തമാക്കി.  മുസ്‌ലിം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ടുവന്ന ‘മുത്തലാഖ് നിരോധനം’, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൊണ്ടുവന്ന ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ എന്നീ പദ്ധതികള്‍ വഴി അംബേദ്കര്‍ക്ക് മോദിയെക്കുറിച്ച് അഭിമാനിക്കാൻ സാധിക്കുമെന്നും ഇളയരാജ പറഞ്ഞു.

അതെസമയം മോദിയെ അംബേദ്കറുമായി താരതമ്യം ചെയ്ത പ്രവൃത്തിയിൽ ഇളയരാജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി.എം.കെ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ അംബേദ്കര്‍ വര്‍ണവിവേചനത്തിനും മനുധര്‍മത്തിനും എതിരെ ശബ്‌ദം ഉയർത്തി ദളിതരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തിയായിരുന്നുവെങ്കിൽ മോദി മനുധര്‍മത്തിൻ്റെ വക്താവാണെന്നും ഡി.എം.കെ വിമർശിച്ചു.