അടിച്ചു പൊളിച്ചു കേരളം; പിണറായി വിജയനെ വാഴ്ത്തി നടൻ സിദ്ധാർത്ഥ്
2021 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയംകുറിച്ച സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് തമിഴ് നടൻ സിദ്ധാർത്ഥ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം അഭിനന്ദനങ്ങൾ അറിയിച്ചത്. ‘അടിച്ചു പൊളിച്ചു കേരളം’ എന്ന വിശേഷണം നൽകിയാണ് ബിജെപിക്ക് ഒരു സീറ്റുപോലും കൊടുക്കാതെ തുരത്തിയോടിച്ച കേരളത്തിലെ ജനങ്ങളോട് തന്റെ ആഹ്ലാദം സിദ്ധാർത്ഥ് പ്രകടിപ്പിച്ചത്. പിണറായി വിജയന് എല്ലാവിധ ആശംസകളും താരം നേരുന്നു. ഒരു നടൻ എന്നതിലുപരിയായി സാമൂഹ്യ പ്രവർത്തകനും വ്യക്തമായ രാഷ്ട്രീയ നിരീക്ഷകനും കൂടിയാണ് സിദ്ധാർത്ഥ്. പലപ്പോഴും തന്റെ നിലപാടുകൾ ഭയമില്ലാതെ പ്രകടിപ്പിക്കുവാൻ സിദ്ധാർത്ഥ് തുനിയാറുണ്ട്. ബിജെപിക്ക് എതിരായ നിലപാടാണ് സിദ്ധാർത്ഥ് എപ്പോഴും ഊന്നൽ നൽകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി അനുബന്ധമായി ഒരു ട്വീറ്റ് ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിനും കുടുംബത്തിനും ബി.ജെ.പി പ്രവർത്തകരിൽ നിന്ന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. സിദ്ധാർത്ഥിന്റെ മൊബൈൽ നമ്പർ ചോർന്ന പശ്ചാത്തലത്തിൽ ഏകദേശം അഞ്ഞൂറോളം ഭീഷണികൾ അദ്ദേഹത്തിന് വന്നിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് തമിഴ്നാട് സർക്കാർ പോലീസ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തനിക്ക് പ്രത്യേകമായി പോലീസ് സുരക്ഷാ ആവശ്യമില്ലെന്നു പറഞ്ഞ സിദ്ധാർത്ഥ് അത് നിരസിച്ചിരുന്നു. ഈ കോവിഡ സമയത്ത് പോലീസിന്റെ സംരക്ഷണം ആവശ്യമുള്ളവർക്ക് നല്ല കാര്യങ്ങൾക്ക് വേണ്ടിയാണ് നൽകേണ്ടതെന്നും സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു. എതിരായ തന്റെ നിലപാടുകൾ സധൈര്യം തുടരുമെന്നും സിദ്ധാർത്ഥ് ആഹ്വാനം ചെയ്തിട്ടുണ്ട്.