‘മോഹന്‍ലാലിനെ നായകനാക്കി ഒരു ഗംഭീര സിനിമ ചെയ്യും’; ആഗ്രഹം തുറന്നു പറഞ്ഞ് നടന്‍ ശങ്കര്‍
1 min read

‘മോഹന്‍ലാലിനെ നായകനാക്കി ഒരു ഗംഭീര സിനിമ ചെയ്യും’; ആഗ്രഹം തുറന്നു പറഞ്ഞ് നടന്‍ ശങ്കര്‍

മലയാള സിനിമയില്‍ 1980 കളില്‍ നിറഞ്ഞു നിന്ന പ്രശസ്ത നായക നടനാണ് ശങ്കര്‍. ‘ഒരു തലൈ രാഗം’ എന്ന തമിഴ് സിനിമയിലാണ് ശങ്കര്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രമായിരുന്നു അത്. മാത്രമല്ല, ആ ചിത്രം ചെയ്തതോട് കൂടി അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറഅറം കുറിച്ചു. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പീന്നീട് അദ്ദേഹത്തിന്റേതായി 80-കളില്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങി. അവയില്‍ മിക്കവയും വിജയിച്ചു.

തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹന്‍ലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളില്‍ നായകവേഷങ്ങളില്‍ ശങ്കര്‍ തിളങ്ങി നിന്നിരുന്നു. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. അതേസമയം, ശങ്കര്‍ 80-കളുടെ അവസാനത്തോടെ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാല്‍ മറ്റ് രാജ്യങ്ങളിലേക്ക് താമസം മാറുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. അതേസമയം, സംവിധായകനായും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ശങ്കര്‍.

ഇപ്പോഴിതാ, മലയാള സിനിമയുടെ താരരാജാവായ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് ശങ്കര്‍. മോഹന്‍ലാലുമായുള്ള സൗഹൃദം വളരെ വലുതാണെന്നും അത്യപൂര്‍വമായ അഭിനയ സിദ്ധിയും ഏതു തരം വേഷങ്ങളും അനായാസമായി ചെയ്യാനുള്ള കഴിവുമാണ് മോഹന്‍ലാലിനെ ഭാരതം കണ്ട ഏറ്റവും മികച്ച നടനായി, മലയാളം കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരമായി വളര്‍ത്തിയതെന്നും ശങ്കര്‍ പറയുന്നു.

കൂടാതെ, മോഹന്‍ലാല്‍ നായകനായ ഒരു ചിത്രം ചെയ്യുക എന്നത് തന്റെ വലിയ ആഗ്രമാണെന്നും അതിനായി കഥകള്‍ തേടുകയാണെന്നുമാണ് ശങ്കര്‍ പറയുന്നത്. മോഹന്‍ലാല്‍ എത്തുമ്പോള്‍ അതൊരു വലിയ ചിത്രമായി ചെയ്യാനാണ് ആഗ്രഹമെന്നും, അത്തരത്തിലുള്ള ഒരു പ്രമേയമാണ് തേടുന്നതെന്നും ശങ്കര്‍ വെളിപ്പെടുത്തുന്നു. 1980 കാലഘട്ടത്തിലെ എല്ലാവരും ഇപ്പോഴും തന്റെ നല്ല സുഹൃത്തുക്കളാണ് എന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.